‘നിസര്‍ഗ’ ചുഴലിക്കാറ്റ്; മുംബൈയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യത, ജനങ്ങളോട് രണ്ട് ദിവസം വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ

മുംബൈ: നിസര്‍ഗ ചുഴലിക്കാറ്റ് ഇന്ന് അതിതീവ്രമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര-ഗുജറാത്ത് തീരത്തെ ലക്ഷ്യമാക്കിയാണ് നിസര്‍ഗ ചുഴലിക്കാറ്റ് നീങ്ങുന്നത്. മണിക്കൂറില്‍ 120 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ‘നിസര്‍ഗ’ മഹാരാഷ്ട്രയില്‍ കനത്ത നാശമുണ്ടാക്കുമെന്നും മണ്ണിടിച്ചിലുണ്ടാകുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഈ സാഹചര്യത്തില്‍ ജനങ്ങളോട് രണ്ട് ദിവസം വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.

മുംബൈ നഗരത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വൈദ്യുതി മുടക്കം നേരിടാന്‍ മുംബൈ നിവാസികളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വൈദ്യുത ഉപകരണങ്ങല്‍ ചാര്‍ജ് ചെയ്ത് വയ്ക്കാനും എമര്‍ജന്‍സി ലൈറ്റുകള്‍ സൂക്ഷിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. കാറ്റിനെ തുടര്‍ന്ന് മുംബൈ, താനെ, പല്‍ഘര്‍, റൈഗഡ്, രത്‌നഗിരി, സിന്ധുദുര്‍ഗ് എന്നീ മേഖലകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചയോടെ മഹാരാഷ്ട്രയിലെ റായിഗഢ് ജില്ലയിലെ അലിബാഗിനുസമീപം കരയില്‍ത്തൊടുന്ന ചുഴലിക്കാറ്റ് മുംബൈ നഗരത്തിലുള്‍പ്പെടെ അതിതീവ്ര മഴയ്ക്കു കാരണമാവും. കൊറോണയില്‍ വിറങ്ങലിച്ച് കഴിയുന്ന മഹാരാഷ്ട്രയില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പും ജനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തുകയാണ്. അതേസമയം മഹാരാഷ്ട്രയിലേക്കും ഗുജറാത്തിലേക്കും ദേശീയദുരന്തനിവാരണ സേനയെ (എന്‍ഡിആര്‍എഫ്) അയച്ചതായി ഡയറക്ടര്‍ ജനറല്‍ എസ്എന്‍ പ്രധാന്‍ പറഞ്ഞു. 33 സംഘങ്ങളെയാണ് ഇരുസംസ്ഥാനങ്ങളിലുമായി വിന്യസിച്ചത്.

Exit mobile version