ടെലി മെഡിസിൻ, മേയ്ക്ക് ഇൻ ഇന്ത്യ, ഐടി ഉപകരണങ്ങൾ, ഇവയിൽ ജനപങ്കാളിത്തം വേണം; ആരോഗ്യ പ്രവർത്തകരും പട്ടാളക്കാർ: പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യം കൊവിഡ് 19 രോഗത്തെ പ്രതിരോധിക്കുന്നതിനിടെ മൂന്ന് കാര്യങ്ങളിൽ ജനങ്ങളുടെ ഭാഗത്തു നിന്നും പരമാവധി ചർച്ചയും പങ്കാളിത്തവും വേണമെന്ന് ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ടെലി മെഡിസിൻ പുരോഗതി, ആരോഗ്യമേഖലയിലെ മേയ്ക്ക് ഇൻ ഇന്ത്യ, ആരോഗ്യമേഖലയിലെ ഐടി ഉപകരണങ്ങൾ എന്നിവയാണ് ആ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളെന്ന് പ്രധാനമന്ത്രി വിശദീകരിക്കുന്നു. ബംഗളൂരുവിലെ രാജീവ് ഗാന്ധി ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ സിൽവർ ജൂബിലി ആഘോഷം വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോഡി.

പ്രധാനമന്ത്രിയുടെ വാക്കുകളിങ്ങനെ: ‘കൊറോണയെ നേരിടാൻ ജനങ്ങളുടെ പരമാവധി ചർച്ചയും പങ്കാളിത്തവും മൂന്ന് വിഷയങ്ങളിൽ വേണം. ടെലി മെഡിസിൻ പുരോഗതിയാണ് ഒന്നാമത്തേത്. ടെലി മെഡിസിൽ വലിയ തോതിൽ ജനപ്രിയമാക്കുന്നതിന് പുതിയ മോഡലുകളെ കുറിച്ച് ചിന്തിക്കണം. അടുത്തത് ആരോഗ്യമേഖലയിലെ മെയ്ക്ക് ഇൻ ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിലെ പ്രാരംഭനേട്ടങ്ങൾ എനിക്ക് ശുഭാപ്തി വിശ്വാസം നൽകുന്നു. നമ്മുടെ ആഭ്യന്തര നിർമാതാക്കൾ പിപിഇകളുടെ ഉത്പാദനം ആരംഭിക്കുകയും ഒരു കോടിയോളം പിപിഇ കിറ്റുകൾ കോവിഡ് യോദ്ധാക്കൾക്ക് വിതരണം ചെയ്യുകയുമുണ്ടായി. മൂന്നാമത്തേത് ആരോഗ്യ മേഖലയിലെ ഐടി അനുബന്ധ ഉപകരങ്ങളാണ്. ‘ആരോഗ്യസേതു’ സംബന്ധിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. ആരോഗ്യബോധമുള്ള 12 കോടി ആളുകൾ ഇത് ഡൗൺലോഡ് ചെയ്തു. കൊറോണക്കെതിരായ പോരാട്ടത്തിന് ഇത് വളരെയേറെ സഹായകരമാണ്.’

കൊവിഡ്19നെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് നേതൃത്വം നൽകിയത് മെഡിക്കൽ സമൂഹവും കൊറോണ യോദ്ധാക്കളുമാണ്. കൊറോണക്കെതിരെ മുന്നിൽ നിന്ന് പ്രവർത്തിക്കുന്നവർക്കെതിരായ അക്രമം, ദുരുപയോഗം, മോശം പെരുമാറ്റം എന്നി ഒരു തരത്തിലും അംഗീകരിക്കില്ല. വൈറസ് ഒരു അദൃശ്യ ശത്രുവായിരിക്കാം. എന്നാൽ നമ്മുടെ യോദ്ധാക്കൾ, ആരോഗ്യ പ്രവർത്തകർ അജയ്യരാണ്. അദൃശ്യരും അജയ്യരും തമ്മിലുള്ള പോരാട്ടത്തിൽ നമ്മുടെ ആരോഗ്യപ്രവർത്തകർ വിജയിക്കുമെന്ന് ഉറപ്പാണ്- പ്രധാനമന്ത്രി പറഞ്ഞു. യഥാർത്ഥത്തിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും പട്ടാളക്കാരെ പോലെ തന്നെയാണ്. അവർക്ക് പട്ടാളക്കാരുടെ യൂണിഫോം ഇല്ലെന്നെയുള്ളൂവെന്നും മോഡി പ്രശംസിച്ചു.

Exit mobile version