മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത മന്ത്രിക്ക് കൊവിഡ്; മുഖ്യമന്ത്രിയടക്കം ഉത്തരഖാണ്ഡ് മന്ത്രിസഭ ഒന്നടങ്കം ക്വാറന്റൈനില്‍

ഡെറാഡൂണ്‍: മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത ഒരു മന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉത്തരഖാണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തും മറ്റു മന്ത്രിമാരും ക്വാറന്റൈനില്‍ പ്രവേശിച്ചു. മെയ് 29ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ ഇവര്‍ക്കൊപ്പം പങ്കെടുത്ത ഉത്തരഖാണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിനാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രിയടക്കം മന്ത്രിസഭ ഒന്നടങ്കം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുന്നത്.

ഉത്തരഖാണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിനും അഞ്ച് കുടുംബാംഗങ്ങള്‍ക്കുമാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. സത്പാല്‍ മഹാരാജിന്റെ ഭാര്യക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. എയിംസില്‍ ചികിത്സയിലാണിവര്‍.

വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ സത്പാല്‍ മഹാരാജും പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സ്വമേധയാ ഹോം ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചത്. ഹോം ക്വാറന്റൈനിലാണെങ്കിലും മന്ത്രിമാര്‍ അവരുടെ ജോലികള്‍ ചെയ്യുമെന്നാണ് ഉത്തരഖാണ്ഡ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. അതേസമയം മന്ത്രിസഭാ യോഗത്തില്‍ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് അടക്കമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്തതിനാല്‍ അപകടസാധ്യത കുറവാണെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

Exit mobile version