ആഭ്യന്തര വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമല്ല; നിരക്ക് നിശ്ചയിച്ചെന്നും വ്യോമയാന മന്ത്രി

ന്യൂഡൽഹി: രാജ്യത്ത് തിങ്കളാഴ്ച ആരംഭിക്കുന്ന ആഭ്യന്തര വിമാന സർവീസുകളിൽ യാത്രചെയ്യുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമല്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. തിങ്കളാഴ്ച ആരംഭിക്കുന്ന ആഭ്യന്തര വിമാന സർവീസുകളുടെ യാത്രാസമയത്തെ മുൻനിർത്തി നിരക്ക് നിശ്ചയിച്ചതായും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തിൽ ആഭ്യന്തര യാത്രക്കാർക്ക് ക്വാറന്റൈൻ ആവശ്യമാണെന്ന് കരുതുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വിമാന സർവീസുകളിലെ യാത്രക്കാരെപ്പോലെ ദീർഘദൂര യാത്ര ഇവിടെ ആവശ്യമായിവരുന്നില്ല. താരതമ്യേന ചെറിയ ദൂരത്തേയ്ക്കുള്ള യാത്രയാണ് ആഭ്യന്തര സർവീസുകളിൽ നടത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ആഭ്യന്തര വിമാനസർവീസുകൾ യാത്രാസമയത്തെ മുൻനിർത്തി ഏഴ് വിഭാഗങ്ങളായി തിരിച്ചായിരിക്കും ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കുക. 40 മിനിറ്റു മുതൽ 210 മിനിറ്റുവരെയുള്ള യാത്രകൾക്ക് കുറഞ്ഞ/പരമാവധി നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റെ ഇടയ്ക്കുള്ള തുകയ്ക്കായിരിക്കും ടിക്കറ്റ് വിൽക്കാനാകുക. മെട്രോ നഗരങ്ങളിൽനിന്ന് മറ്റു നഗരങ്ങളിലേയ്ക്ക് മൂന്നിൽ ഒന്ന് വിമാനങ്ങൾ മാത്രമായിരിക്കും ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. ആഴ്ചയിൽ 100ൽ അധികം വിമാനങ്ങൾ സർവീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.

Exit mobile version