ഉംപുണ്‍ ചുഴലിക്കാറ്റ്; വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തില്‍ രാജ്യം മുഴുവനും ബംഗാളിനൊപ്പം, ജനങ്ങളുടെ ക്ഷേമത്തിനായി പ്രാര്‍ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി

കൊല്‍ക്കത്ത: ഉംപുണ്‍ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടങ്ങളാണ് ബംഗാളില്‍ ഉണ്ടായിരിക്കുന്നത്. മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വേഗത്തില്‍ വീശിയടിച്ച കാറ്റില്‍ ബംഗാളില്‍ പന്ത്രണ്ട് പേരാണ് മരിച്ചത്. ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച ബംഗാളിനൊപ്പം രാജ്യം നിലകൊള്ളുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തത്.

‘ചുഴലിക്കാറ്റില്‍ തകര്‍ന്ന ബംഗാളിന്റെ ദൃശ്യങ്ങള്‍ കണ്ടു. വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തില്‍ രാജ്യം മുഴുവനും ബംഗാളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു, ജനങ്ങളുടെ ക്ഷേമത്തിനായി പ്രാര്‍ഥിക്കുന്നു. സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്കെത്തിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഉംപുണ്‍ ബാധിത പ്രദേശങ്ങളില്‍ ദേശീയ ദുരന്തനിവാരണ സംഘത്തിന്റെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്’ എന്നാണ് മോഡി ട്വീറ്റ് ചെയ്തത്.

ബുധനാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് ഉംപുണ്‍ ബംഗാളില്‍ വീശിയടിച്ചു തുടങ്ങിയത്. ഉംപുണ്‍ കൊവിഡിനേക്കാള്‍ വലിയ പ്രഹരം ബംഗാളിന് ഏല്‍പിച്ചെന്നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞത്. ബംഗാളില്‍ ഒരു ലക്ഷം കോടിയുടെ നാശനഷ്ടം ഉണ്ടായി എന്നാണു പ്രാഥമിക നിഗമനം. കേന്ദ്രത്തിന്റെ അടിയന്തിര സഹായം വേണം എന്നും മമത ആവശ്യപ്പെട്ടു. രാഷ്ട്രീയം നോക്കാതെ മാനുഷിക പരിഗണന മുന്‍ നിര്‍ത്തിയുള്ള സഹായം വേണമെന്നും കേന്ദ്രത്തോട് മമത ആവശ്യപ്പെട്ടു. ഇതിനോടകം ബംഗാളില്‍ 5 ലക്ഷം പേരെയും ഒഡിഷയില്‍ 1.58 ലക്ഷം പേരെയുമാണ് ഒഴിപ്പിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങളാണ് ബംഗാളിലും ഒഡീഷയിലുമായുള്ളത്.

Exit mobile version