മതവികാരം വ്രണപ്പെടുത്തി ട്വീറ്റ്; അഖിലേന്ത്യ കോണ്‍ഗ്രസ് നേതാവ് പങ്കജ് പൂനിയ അറസ്റ്റില്‍

ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തി ട്വീറ്റ് പങ്കുവെച്ച സംഭവത്തില്‍ അഖിലേന്ത്യ കേണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. സമൂഹ മാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയതിനു പിന്നാലെയാണ് അറസ്റ്റ് നടന്നത്. ഹരിയാന കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ സെക്രട്ടറി പങ്കജ് പൂനിയയാണ് കര്‍നാലില്‍ അറസ്റ്റിലായത്.

മത വികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രസ്താവന നടത്തുകയും മതത്തിന്റെ പേരില്‍ വിവിധ മതസംഘടനകള്‍ തമ്മില്‍ വിദ്വേഷത്തിലേക്ക് നീങ്ങുന്നതിന് കാരണമായെന്നും ആരോപിച്ച് കര്‍നാല്‍ സ്വദേശി പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മധുബന്‍ പോലീസ് ബുധനാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അതേസമയം അഖിലേന്ത്യാ കോണ്‍ഗ്രസ് നേതാവ് കൂടിയായ പൂനിയക്കെതിരേ സമാനമായ പരാതി ഉത്തര്‍പ്രദേശ് പോലീസില്‍ രജിസ്റ്റര്‍ ചെയ്തതാുയും റിപ്പോര്‍ട്ടുകളുണ്ട്. വിവാദത്തിലേയ്ക്ക് വഴിവെച്ച ട്വീറ്റിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ ലഖ്നൗവിലെ ഹസ്രത്ത്ഗഞ്ച് പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

പങ്കജ് പൂനിയക്കെതിരേ ഐടി ആക്ട്, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി മധുബന്‍ പോലീസ് പറഞ്ഞു. ട്വീറ്റ് വിവാദമായതിനെ തുടര്‍ന്ന് നേതാവ് ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.

Exit mobile version