ശമ്പളം നല്‍കിയില്ല; തൊഴിലാളികള്‍ ഉദ്യോഗസ്ഥരായ ഏഴ് ഇന്ത്യക്കാരെ എത്യോപ്യയില്‍ തടവിലാക്കിയതായി പരാതി

തദ്ദേശീയരായ ജീവനക്കാര്‍ ഇന്ത്യക്കാരെ ബന്ദികളാക്കുകയായിരുന്നു.

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയിലായ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലീസിങ് ആന്റ് ഫിനാന്‍ഷ്യല്‍ കമ്പനിയിലെ ഏഴ് ഇന്ത്യന്‍ ജീവനക്കാരെ എത്യോപ്യയില്‍ സ്വദേശികളായ ജീവനക്കാര്‍ ബന്ദികളാക്കിയതായി പരാതി. ശമ്പളം പൂര്‍ണ്ണമായി ലഭിക്കാത്തതില്‍ പ്രകോപിതരായ തദ്ദേശീയരായ ജീവനക്കാര്‍ ഇന്ത്യക്കാരെ ബന്ദികളാക്കുകയായിരുന്നു. നവംബര്‍ 24 മുതലാണ് ഇന്ത്യക്കാരെ തടഞ്ഞുവെച്ച് പ്രതിഷേധം കനപ്പിച്ചത്.

നീരജ് രഘുവാന്‍ഷി, നാഗരാജു ബിഷ്ണു, സുഖ്‌വീന്ദര്‍ സിങ്, ഖുറാം ഇമാം, ചൈതന്യ ഹരി, ഭാസ്‌കര്‍ റെഡ്ഡി, ഹരീഷ് ബണ്ഡി എന്നിവരാണ് ബന്ദികളാക്കപ്പെട്ടിരിക്കുന്നത്. ഇവര്‍ ഐഎല്‍ ആന്റ് എഫ്എസിന്റെ സംയുക്ത സംരംഭമായ ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കമ്പനിയിലെ ജീവനക്കാരാണ്. എത്യോപ്യയിലെ ഒറോമിയയിലെ മൂന്നു സ്ഥലങ്ങളിലും അംഹാര പ്രവിശ്യയിലുമായാണ് ഇവരെ തടഞ്ഞുവെച്ചിരിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

കമ്പനി ഇന്ത്യന്‍-സ്പാനിഷ് സംരംഭമായി ചെയ്യാനിരുന്ന റോഡ് നിര്‍മാണ പദ്ധതികള്‍ റദ്ദാക്കിയതാണ് സ്വദേശികളായ ജീവനക്കാരെ ചൊടിപ്പിച്ചത്. തങ്ങളുടെ മോചിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നാവശ്യപ്പെട്ട് ബന്ദിയാക്കപ്പെട്ട ചൈതന്യ ഹരി എന്നയാള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, രാഷ്ട്രപതി ഭവന്‍, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവര്‍ക്ക് ട്വിറ്റര്‍ സന്ദേശം അയച്ചു.

Exit mobile version