ആഭ്യന്തര കലഹം രൂക്ഷം : ഇത്യോപ്യയില്‍ പ്രധാനമന്ത്രി നേരിട്ട് യുദ്ധത്തിനിറങ്ങി

അഡിസബാബ : ആഭ്യന്തര കലഹം രൂക്ഷമായ സാഹചര്യത്തില്‍ ഇത്യോപ്യയില്‍ പ്രധാനമന്ത്രി നേരിട്ട് യുദ്ധത്തിനിറങ്ങി. സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാര ജേതാവ് കൂടിയായ അബി അഹമ്മദാണ് ഉപപ്രധാനമന്ത്രിക്ക് ഭരണച്ചുമതല കൈമാറി യുദ്ധക്കളത്തിലേക്കിറങ്ങിയത്.

പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് അബി. ഇദ്ദേഹം ഏത് ഭാഗത്ത് നിന്നാണ് പോരാടുന്നതെന്നോ സൈന്യത്തിനൊപ്പമുള്ള ഇദ്ദേഹത്തിന്റെ ചിത്രങ്ങളോ ഒന്നും തന്നെ സര്‍ക്കാര്‍ പങ്ക് വച്ചിട്ടില്ല. ഒരു വര്‍ഷത്തോളമായി നീളുന്ന യുദ്ധത്തില്‍ പ്രധാനമന്ത്രി നേരിട്ടിറങ്ങുകയായിരുന്നുവെന്ന് മാത്രം ചൊവ്വാഴ്ച സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു. സര്‍ക്കാര്‍ സേനയ്‌ക്കെതിരെ പൊരുതി മുന്നേറുന്ന ടിഗ്രയന്‍ പോരാളികളെ നേരിടാനാണ് അബി അഹമ്മദിന്റെ പടയൊരുക്കം.

രാജ്യത്തെ രക്ഷിക്കാന്‍ സേനയില്‍ അണി ചേരാന്‍ അബി ആഹ്വാനം ചെയ്തിരുന്നു. പല പ്രധാന നഗരങ്ങളും കീഴടക്കി മുന്നേറുന്ന വിമതരെ വീഴ്ത്താന്‍ രക്തസാക്ഷിയായാലും മുന്‍നിരയില്‍ തന്നെ നിന്ന് പോരാടാനാണ് അബി അഹമ്മദിന്റെ തീരുമാനം. സമാധാനത്തിന് നോബേല്‍ പുരസ്‌കാരം നേടിയ വ്യക്തി രണ്ട് വര്‍ഷത്തിനിടെ യുദ്ധത്തിനിറങ്ങുന്നതിന്റെ വിരോധാഭാസം സജീവ ചര്‍ച്ചയാകുമ്പോള്‍ നാടും ജനങ്ങളുമാണ് വലുതെന്ന നിലപാടിലാണ് അബി.

2021 ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ട രാജ്യമാണ് ഇത്യോപ്യ. ഇതുവരെ 20,000 പേര്‍ മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്.

Exit mobile version