‘സ്വാതന്ത്ര്യസമരചരിത്രം ഏതാനും വ്യക്തികളുടെയോ വര്‍ഷങ്ങളുടെയോ മാത്രമല്ല’ : പ്രധാനമന്ത്രി

PM | Bignewslive

അമരാവതി : ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ഏതാനും വ്യക്തികളുടെയോ വര്‍ഷങ്ങളുടെയോ മാത്രം ചരിത്രമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം രാജ്യത്തിന്റെ മുക്കിലും മൂലയിലും തടന്ന ത്യാഗങ്ങളുടെ കൂടി കഥയാണെന്നും സ്വാതന്ത്ര്യസമരസേനാനികള്‍ സ്വപ്‌നം കണ്ട ഇന്ത്യ നിര്‍മിക്കുകയാണ് ലക്ഷ്യമെന്നും മോഡി പറഞ്ഞു.

തിങ്കളാഴ്ച ആന്ധ്രപ്രദേശിലെ പെദാമിരാമില്‍ സ്വാതന്ത്ര്യസമരസേനാനി അല്ലൂരി ശ്രീരാമ രാജുവിന്റെ 30 അടി ഉയരമുള്ള ഓട്ടുപ്രതിമ അനാവരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. 27ാം വയസ്സില്‍ രക്തസാക്ഷിയായ അല്ലൂരിയുടെ 125ാം ജന്മവാര്‍ഷികമായിരുന്നു ഇന്നലെ. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ആദിവാസികളുടെ അവകാശത്തിനും വേണ്ടി നിര്‍ഭയം പോരാടിയ ധീര യോദ്ധാവായിരുന്നു അല്ലൂരി എന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി അല്ലൂരിയെപ്പോലുള്ള അനേകം സ്വാതന്ത്ര്യസമര സേനാനികള്‍ സ്വപ്‌നം കണ്ട ഇന്ത്യ പടുത്തുയര്‍ത്താനുള്ള നയങ്ങളാണ് തന്റെ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് കൂട്ടിച്ചേര്‍ത്തു.

“സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ സ്വാതന്ത്ര്യസമരസേനാനികള്‍ സ്വപ്‌നം കണ്ട ഇന്ത്യ പടുത്തുയര്‍ത്താന്‍ ഓരോ പൗരനും ഉത്തരവാദിത്തമുണ്ട്. അവരുടെ സ്വപന്‌സാക്ഷാത്കാരമാവണം പുതിയ ഇന്ത്യ. ആ ഇന്ത്യയില്‍ പാവപ്പെട്ടവര്‍ക്കും പണക്കാര്‍ക്കും കര്‍ഷകര്‍ക്കും പിന്നോക്കവിഭാഗക്കാര്‍ക്കുമെല്ലാം തുല്യ അവസരങ്ങളുണ്ടാവണം. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം അല്ലൂരിയുടെ 125ാം ജന്മവാര്‍ഷികം കൂടിയാണ്. കൂടാതെ അദ്ദേഹം തുടക്കം കുറിച്ച റംപ വിപ്ലവത്തിന്റെ ശതാബ്ദിയും. തന്റെ ജീവിതം രാജ്യത്തിനും തന്റെ സമൂഹത്തിനുമായി ഉഴിഞ്ഞു വെച്ച അല്ലൂരി വലിയ പ്രചോദനമാണ്”. മോഡി പറഞ്ഞു.

Exit mobile version