ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഒരു കോടി കടന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഒരു കോടി കടന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് ഈ സന്തോഷ വാര്‍ത്ത പ്രധാനമന്ത്രി അറിയിച്ചത്.

‘ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം ഇപ്പോള്‍ ഒരു കോടി കടന്നിരിക്കുന്നു. ഓരോ ഇന്ത്യക്കാരനും ഇതില്‍ അഭിമാനിക്കാം. ഈ സംരംഭം നിരവധി ജീവിതങ്ങളെയാണ് സ്വാധീനിച്ചിരിക്കുന്നത്. മേഘാലയയില്‍ നിന്നുള്ള സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യ പൂജാ ഥാപയാണ് പദ്ധതിയിലെ കോടിഅംഗം. ഇവരുമായി ഫോണില്‍ സംസാരിച്ചു’ എന്നാണ് മോഡി ട്വിറ്ററില്‍ കുറിച്ചത്.

അതേസമയം പാവപ്പെട്ടവര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുന്ന ഡോക്ടര്‍മാരെയും നഴ്സുമാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. രാജ്യത്തെ 107.4 ദശലക്ഷം ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങളെ ലക്ഷ്യമിട്ട് കൊണ്ടുള്ള കേന്ദ്രത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് 2018 സെപ്റ്റംബര്‍ 23 ന് റാഞ്ചിയിലാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. അഞ്ചുലക്ഷം രൂപ വരെ ചികിത്സാസഹായം ലഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണിത്.

Exit mobile version