സൈനികരുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കാനെത്തിച്ചത് കാലാവധി കഴിഞ്ഞ മരുന്ന്; കമാന്‍ഡന്റ് ക്യാംപ് നടത്തിയത് അനുമതി ഇല്ലാതെയെന്ന് ആരോപണം

ന്യൂഡല്‍ഹി: സിആര്‍പിഎഫിന്റെ സ്പെഷ്യല്‍ ഡ്യൂട്ടി ഗ്രൂപ്പിലുള്ള സൈനികരുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കാനെത്തിച്ചത് കാലാവധി കഴിഞ്ഞ മരുന്നാണെന്ന് ആരോപണം. ദി പ്രിന്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒന്നു മതല്‍ നാലു മാസം വരെ പ്രായമുള്ള കുട്ടികള്‍ക്കായി മെയ് 16-ന് എസ്ഡിജി കമാന്‍ഡന്റ് റാങ്കിലുള്ള ഹര്‍ഷ് വര്‍ധന്റെ നേതൃത്വത്തില്‍ ഡല്‍ഹി പുഷ്പ് വിഹാറിലാണ് വാക്സിന്‍ ക്യാംപ് നടത്തിയത്.

മരുന്ന് നല്‍കുന്നതിന് ഒരാള്‍ക്ക് 300 രൂപ വീതം ഈടാക്കുകയും ചെയ്തു. അതേസമയം, സിആര്‍പിഎഫ് മെഡിക്കല്‍ ഡയറക്ടറേറ്റിന്റെ അനുമതി ഇല്ലാതെയാണ് കമാന്‍ഡന്റ് ക്യാംപ് നടത്തിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം ക്യാംപുകള്‍ നടത്തുന്നതിന് മുന്നോടിയായ പ്രാദേശിക ഭരണസ്ഥാപനങ്ങളുടെ അനുമതി തേടേണ്ടതുണ്ട്. ഇവരുടെ മേല്‍നോട്ടത്തിലാവണം വാക്സിന്‍ വിതരണം.

എന്നാല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചു കൊണ്ടാണ് മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഹര്‍ഷ വര്‍ധന സ്വകാര്യ ഡോക്ടറുടെ സഹായത്തോടെ ക്യാംപില്‍ വാക്സിന്‍ വിതരണം നടത്തിയത്. രക്ഷിതാക്കളാണ് കിറ്റിനു പുറത്തുള്ള തീയതി കാലാവധി കഴിഞ്ഞതാണെന്ന് അറിയിച്ചത്. ഉടന്‍ തന്നെ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയായിരുന്നു.

Exit mobile version