രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു, തമിഴ്‌നാട്ടില്‍ ആശങ്ക, കര്‍ണാടകയും ആന്ധ്രയും കൊറോണയുടെ പിടിയില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 639 പേര്‍ക്ക്. ഇതോടെ ആകെ രോഗബാധിതര്‍ 11,224 ആയി. കഴിഞ്ഞദിവസം നാല് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണ സംഖ്യ 78ആയി ഉയര്‍ന്നു. കര്‍ണാകയിലും രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.

കഴിഞ്ഞ മൂന്നുദിവസമായി തമിഴ്‌നാട്ടില്‍ പുതുതായി അഞ്ഞൂറിന് താഴെയായിരുന്നു കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം. രോഗികളുടെ എണ്ണം എണ്ണൂറിന് അടുത്തു വരെ എത്തിയ ശേഷമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കുറവ് വന്നത്. എന്നാല്‍ അത് ആശാവഹമായ മാറ്റമായിരുന്നില്ല എന്നാണ് കഴിഞ്ഞദിവസത്തെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

24 മണിക്കൂറിനിടെ ചെന്നൈയില്‍ മാത്രം 480 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 12,455 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാല്‍ സംസ്ഥാനത്ത് ആശ്വാസമുള്ള ഒരു കാര്യം രോഗം ഭേദമാകുന്നവരുടെ എണ്ണമാണ്. ഇന്നലെ 939 പേരും ഇന്ന് 634 പേരും രോഗ മുക്തി നേടി.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 81 പേര്‍ക്ക് തമിഴ്‌നാട്ടില്‍ കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച 55 പേരില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയില്‍ നിന്ന് തിരിച്ചു വന്നവരാണ്. ആറ് കുട്ടികള്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.

രണ്ടുദിവസമായി ആന്ധ്രയില്‍ കോവിഡ് സ്ഥിരീകരിച്ച 73 ആളുകളില്‍ നാല്‍പ്പതു പേര്‍ക്കും കോയമ്പേട് മാര്‍ക്കറ്റായിരുന്നു ഉറവിടം. ഏറെ രോഗബാധിതരുള്ള കര്‍നൂരിലും നെല്ലൂര്‍,കടപ്പ, ചിറ്റൂര്‍ എന്നീ ജില്ലകളിലുമാണ് കോയമ്പേട് നിന്നുള്ള രോഗവ്യാപനം കൂടുതല്‍. കഴിഞ്ഞദിവസം 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ആന്ധ്രയില്‍ രോഗ ബാധിതരുടെ എണ്ണം 2380. ഒരു മരണം കൂടി. മരണ സംഖ്യ അന്‍പതായി.

Exit mobile version