എന്ത് മാസ്‌ക്, എന്ത് സാമൂഹിക അകലം; നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് പങ്കെടുത്തത് ആയിരത്തോളം പേര്‍, അനുമതി നല്‍കിയവര്‍ക്കെതിരെ നടപടി

ബംഗളൂരു: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ വ്യാപനം തടയാനും ജനങ്ങളുടെ വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാനുമാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പല സ്ഥലങ്ങളിലും ലോക്ക് ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ ഒത്തുകൂടുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച് ആയിരത്തോളം പേര്‍ ഒത്തുകൂടിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രാമനഗരിയില്‍ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് ആളുകള്‍ ഒത്തുകൂടിയത്.

ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ മുഖാവരണം ധരിക്കുകയോ സമൂഹ അകലം പാലിക്കുകയോ ചെയ്യുന്നില്ലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കഴിഞ്ഞദിവസം രാമനഗര ജില്ലയിലെ ക്ഷേത്രമുറ്റത്താണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചത്.

എന്നാല്‍ സാമൂഹ്യ അകലം അടക്കമുള്ള നിര്‍ദേശങ്ങള്‍ പാലിച്ച് പരിപാടി നടത്താനാണ് അനുമതി നല്‍കിയതെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ചടങ്ങ് ഒഴിവാക്കാന്‍ പറ്റില്ലെന്നും നടത്താന്‍ അനുമതി നല്‍കണമെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവം വിവാദമായതോടെ അനുമതി നല്കിയ പഞ്ചായത്ത് അധികാരിയെ സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ഇത്തരത്തില്‍ ആളുകള്‍ ഒത്തുകൂടി പരിപാടി നടന്നത്.

Exit mobile version