ലോക്ക്ഡൗൺ നാലാം ഘട്ടം: വിമാന സർവീസും ബസ്-ടാക്‌സി സർവീസുകളും അനുവദിച്ചേക്കും; ഓൺലൈൻ ഡെലിവറിക്കും അനുമതി; ഹോട്ട്‌സ്‌പോട്ടുകളിൽ ഇളവില്ല

ന്യൂഡൽഹി: രാജ്യത്തെ ലോക്ക്ഡൗൺ നാലാംഘട്ടത്തിലേക്ക് കടക്കുമ്പോൾ പൊതുഗതാഗത സംവിധാനത്തിന് അനുമതി ലഭിച്ചേക്കുമെന്ന് സൂചന. ഈ വാരമാദ്യം പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ട സംസ്ഥാനങ്ങളുടെ ബ്ലൂപ്രിന്റിനെ അടിസ്ഥാനമാക്കിയായിരിക്കും പൊതുഗതാഗത സർവ്വീസുകളുടെ അതിർത്തികൾ നിശ്ചയിക്കുകയെന്നാണ് കേന്ദ്രമന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന സൂചന.

ആഭ്യന്തര വിമാനസർവ്വീസുകൾ അടുത്തയാഴ്ചയോടെ തുടങ്ങും. ഹോം ഡെലിവെറിക്കായി ഓൺലൈൻ സേവനങ്ങളും ഉപയോഗപ്പെടുത്താം. അവശ്യസാധനങ്ങളുടെ മാത്രം ഹോം ഡെലിവറി എന്നതിലും മാറ്റമുണ്ടാകും. എന്നാൽ ഈ ഇളവുകളൊന്നും ഹോട്ട്‌സ്‌പോട്ട് മേഖലകളിൽ അനുവദനീയമാവില്ല.

അതത് സംസ്ഥാനങ്ങളുടെ ഹോട്ട്‌സ്‌പോട്ടുകൾ നിർവ്വചിക്കാനുള്ള അധികാരം വിട്ടുനൽകണമെന്നത് സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. ഈ നിർണ്ണയാവകാശം സംസ്ഥാനങ്ങൾക്ക് നൽകിയേക്കുമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ഹോട്ട്‌സ്‌പോട്ടുകൾ അല്ലാത്തയിടങ്ങളിൽ ലോക്കൽ ബസുകൾ ഓടിക്കാം. പക്ഷെ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണങ്ങളുണ്ടാകും. സാമൂഹിക അകലം പാലിക്കണം. ഓട്ടോകളും ടാക്‌സികളും ഓടാൻ അനുവാദമുണ്ടാകും. സംസ്ഥാനം കടന്നുള്ള യാത്രകൾക്ക് വിലക്കില്ലെങ്കിലും പാസുണ്ടെങ്കിലേ സാധ്യമാവൂ.

ലോക്ക്ഡൗൺ നാലാമത്തെ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇളവുകൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി മോഡി ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തവേളയിൽ പറഞ്ഞിരുന്നു. അതേസമയം, രാജ്യത്തെ ഏറ്റവും അധികം കൊവിഡ് കേസുകൾ സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ ഇനിയും നീളും.

Exit mobile version