കൊവിഡിന് എതിരെ പരമ്പരാഗത രീതിയിൽ നാല് മരുന്നുകൾ വികസിപ്പിച്ചു; ഒരാഴ്ചയ്ക്കുള്ളിൽ പരീക്ഷണമെന്ന് ആയുഷ് മന്ത്രി

ന്യൂഡൽഹി: കൊവിഡ്19 രോഗത്തിനെതിരെ രാജ്യത്ത് പരമ്പരാഗത രീതിയിൽ നാലു മരുന്നുകൾ വികസിപ്പിച്ചതായി കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ നായിക്. ഒരാഴ്ചക്കുള്ളിൽ ഈ മരുന്ന് പരീക്ഷണം നടത്തുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ആയുർവേദ, യോഗ, യുനാനി, സിദ്ധ, ഹോമിയോപതി എന്നീ അഞ്ച് ആരോഗ്യ മേഖലകളെ സംയോജിപ്പിക്കുന്ന മന്ത്രാലയമാണ് ആയുഷ്.

ദ കൗൺസിൽ ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്(സിഎസ്‌ഐആർ)ന്റെ സഹകരണത്തോടെയാണ് ആയുഷ് മന്ത്രാലയം മരുന്ന് പരീക്ഷണം നടത്തുന്നത്. കൊവിഡിനെതിരെ മരുന്നുകൾ ഫലപ്രദമായിരിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.

കൊവിഡിനെതിരെ വാക്‌സിൻ വികസിപ്പിക്കുന്നതു വരെ വിവിധ മരുന്നുകൾ ഉപയോഗിച്ച് രോഗികളെ ശുശ്രൂഷിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ആയുർവേദവും മറ്റും കോവിഡിനെ പ്രതിരോധിക്കുമെന്ന പഠനങ്ങൾ നടത്തിയിട്ടില്ല. രോഗമുക്തരായവരിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സ വൈറസ് ബാധിതരിൽ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.

Exit mobile version