ചികിത്സയില്‍ കഴിയുന്ന ഹോക്കി ഇതിഹാസം ബല്‍ബിര്‍ സിങ് സീനിയറിന്റെ ആരോഗ്യനില ഗുരുതരം

മൊഹാലി: ചികിത്സയില്‍ കഴിയുന്ന ഹോക്കി ഇതിഹാസം ബല്‍ബിര്‍ സിങ് സീനിയറിന്റെ ആരോഗ്യനില ഗുരുതരം. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മെയ് എട്ടിനാണ് അദ്ദേഹത്തെ മൊഹാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ നേരിയ പുരോഗതി കൈവരിക്കുന്നതിനിടെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ വെച്ച് അദ്ദേഹത്തിന് ഹൃദയസ്തംഭനമുണ്ടായി. ഇതാണ് ആരോഗ്യനില വഷളാവാന്‍ കാരണം.

96കാരനായ ബല്‍ബിര്‍ സിങ് സീനിയര്‍ ഇന്ത്യക്കായി മൂന്ന് ഒളിമ്പിക് സ്വര്‍ണ മെഡല്‍ നേടിയ താരമാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ന്യൂമോണിയയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്ന് 108 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്.

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തെരഞ്ഞെടുത്ത പതിനാറ് ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ ഇടംനേടിയ ഏക താരമാണ് ബല്‍ബിര്‍. ഒളിമ്പിക്‌സ് പുരുഷ ഹോക്കി ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം കൂടിയാണ് താരം. 1957ല്‍ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.

Exit mobile version