നാളെത്തെ ട്രെയിനുകളുടെ ബുക്കിംഗ് പൂര്‍ത്തിയായി; പത്തുമിനിറ്റിനകം തന്നെ ടിക്കറ്റുകള്‍ തീര്‍ന്നു

ന്യൂഡല്‍ഹി: നാളെ മുതല്‍ രാജ്യത്ത് പുനരാരംഭിക്കുന്ന ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബുക്കിങ് തുടങ്ങി പത്തുമിനിറ്റിനകം തന്നെ ടിക്കറ്റുകള്‍ തീര്‍ന്നു.
അതേസമയം കേരളത്തിലേയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ഇതുവരെ തുടങ്ങിയിട്ടില്ല. മറ്റന്നാള്‍ രാവിലെ 10.55നാണ് ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍. തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിന് വെള്ളിയാഴ്ച 7.15ന് പുറപ്പെടും.

ട്രെയിന്‍ സര്‍വ്വീസുകള്‍ പുന:രാംരംഭിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ മൂന്ന് ട്രെയിനുകള്‍. മൂന്നെണ്ണം തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്കും സര്‍വ്വീസ് നടത്തും. യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.

ചൊവ്വ,ബുധന്‍,ഞായര്‍ ദിവസങ്ങളിലാണ് ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിന്‍. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലായിരിക്കും തിരുവനന്തപുരത്ത് നിന്നുള്ള സര്‍വ്വീസുകള്‍. തിരുവനന്തപുരത്തിന് പുറമെ കേരളത്തില്‍ കോഴിക്കോടും എറണാകുളത്തും സ്റ്റോപ്പുകള്‍ ഉണ്ടാകും. ട്രെയിന്‍ കടന്നുപോകുന്ന മറ്റ് സംസ്ഥാനങ്ങളില്‍ ഓരോ സ്റ്റോപ്പുകള്‍ വീതം. കര്‍ണാടകയില്‍ മംഗലാപുരം, ഗോവയില്‍ മഡ്ഗാവ്, മഹാരാഷ്ട്രയില്‍ പന്‍വേല്‍, ഗുജറാത്തില്‍ വഡോദര, രാജസ്ഥാനില്‍ കോട്ട.

യാത്ര പുറപ്പെടുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ സ്റ്റേഷനുകളിലെത്തി തെര്‍മല്‍ സ്‌കാനിങിന് വിധേയമാകണമെന്ന് റെയില്‍വേ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു. കണ്‍ഫേം ടിക്കറ്റുകളുള്ളവരെ മാത്രമെ സ്റ്റേഷനകത്ത് പ്രവേശിപ്പിക്കൂ. പുതപ്പുകള്‍,ഭക്ഷണം,കുടിവെള്ളം എന്നിവ യാത്രക്കാര്‍ കൊണ്ടുവരണം. പരമാവധി ഏഴുദിവസം മുമ്പ് മാത്രമേ റിസര്‍വേഷന്‍ അനുവദിക്കൂ. ആര്‍.എ.സി,വെയ്റ്റിംഗ് ലിസ്റ്റ്,ലോക്കല്‍ ടിക്കറ്റുകള്‍ ഉണ്ടാകില്ല. 24 മണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് കാന്‍സലേഷന്‍ ചെയ്യാം. ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം കാന്‍സലേഷന്‍ ഫീയായി ഇടാക്കുമെന്നും റെയില്‍വേ മാര്‍ഗരേഖയിലുണ്ട്.

റെയില്‍വേ സ്റ്റേഷനുകളിലേക്കുള്ള പോകാന്‍ പ്രത്യേക പാസിന്റെ ആവശ്യമില്ലെന്നും ട്രെയിന്‍ ടിക്കറ്റുകള്‍ കാണിച്ചാല്‍ മതിയെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗരേഖയില്‍ പറയുന്നു. ട്രെയിന്‍ ഇറങ്ങിയ ശേഷവും തെര്‍മല്‍ സ്‌ക്രീനിങ് ഉണ്ടാകും. യാത്രയിലുടനീളം മാസ്‌ക് ധരക്കണം. ട്രെയിനിനകത്ത് സാമൂഹിക അകലം പാലിക്കണം തുടങ്ങിയവയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍.

ഉത്തരേന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളുള്‍പ്പെടേയുള്ള മലയാളികളെ തിരികെയെത്തിക്കുന്നതിനുള്ള ശ്രമിക് ട്രെയിന്‍ വെള്ളിയാഴ്ച ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. ശ്രമിക് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണം 1700 ആയി വര്‍ദ്ധിപ്പിച്ചതായി പുറപ്പെടുന്ന സംസ്ഥാനത്ത് മൂന്ന് സ്റ്റോപ്പുകള്‍ അനുവദിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Exit mobile version