നാളെ മുതല്‍ പ്രത്യേക യാത്രാ തീവണ്ടികളുടെ സര്‍വീസ് തുടങ്ങും; ഇന്ന് വൈകീട്ട് നാലുമണി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച യാത്രാതീവണ്ടികളുടെ സര്‍വീസുകള്‍ റെയില്‍വേ ഘട്ടം ഘട്ടമായി പുനഃരാരംഭിക്കുന്നു. നാളെ മുതല്‍ പ്രത്യേക യാത്രാ തീവണ്ടികളുടെ സര്‍വീസ് ആരംഭിക്കും. ആദ്യഘട്ടമെന്ന നിലയില്‍ ന്യൂഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ 15 കേന്ദ്രങ്ങളിലേക്കും തിരിച്ചുമാണ് പ്രത്യേക സര്‍വീസ് നടത്തുന്നത്. അതേസമയം ടിക്കറ്റ് വിതരണം ഓണ്‍ലൈനില്‍ കൂടി മാത്രമായിരിക്കും.

ഇന്ന് വൈകീട്ട് നാലുമണി മുതല്‍ ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രക്കാര്‍ ഒരു മണിക്കൂര്‍ മുമ്പെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ എത്തണമെന്നാണ് അധികൃതര്‍ അറിയിച്ചത്. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. യാത്രക്കാരെ പരിശോധിച്ച് രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ റെയില്‍വേ സ്റ്റേഷന്റെ അകത്തേക്ക് കടത്തിവിടുകയുള്ളൂവെന്നാണ് റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചത്.

ആദ്യഘട്ടത്തില്‍ മടക്കയാത്ര ഉള്‍പ്പെടെ 30 സര്‍വീസുകളാണ് റെയില്‍വേ നടത്തുക. എല്ലാ രാജധാനി റൂട്ടുകളിലും സര്‍വീസുണ്ടാകുമെന്നാണ് റെയില്‍വേ അറിയിച്ചത്. മുഴുവന്‍ എസി കോച്ചുകളുള്ള ട്രെയിനിലെ യാത്രയ്ക്ക് സൂപ്പര്‍ഫാസ്റ്റ് തീവണ്ടികളുടെ നിരക്കായിരിക്കും ഈടാക്കുക. അതേസമയം എസി കോച്ചില്‍ പതിവായി നല്‍കാറുള്ള പുതപ്പുകളും മറ്റും നല്‍കില്ലെന്നും മുന്‍കരുതലെന്നനിലയില്‍ താപനില അല്പം ഉയര്‍ത്തിവെക്കുമെന്നും റെയില്‍വേ അറിയിച്ചു. ന്യൂഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരം, ബംഗളൂരു, ചെന്നൈ, ഗോവ, മുംബൈ സെന്‍ട്രല്‍, ദിബ്രൂഗഢ്, അഗര്‍ത്തല, ഹൗറ, പട്‌ന, ബിലാസ്പുര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്തരാബാദ്, അഹമ്മദാബാദ്, ജമ്മു താവി എന്നിവിടങ്ങളിലേക്കാണ് ഈ സര്‍വീസുകള്‍.

Exit mobile version