കൊറോണ രോഗിയായതിനാല്‍ ആശുപത്രികളില്‍ നിന്നെല്ലാം മടക്കി, ഒടുവില്‍ 24കാരിക്ക് സുഖപ്രസവത്തില്‍ പിറന്നത് ആരോഗ്യവാന്‍മാരായ മൂന്നുകണ്‍മണികള്‍

മുംബൈ: കൊറോണ ബാധിതയായ 24-കാരിക്ക് സുഖപ്രസവത്തില്‍ പിറന്നത് ആരോഗ്യവാന്‍മാരായ മൂന്നുകണ്‍മണികള്‍. കൊറോണരോഗിയായതിനാല്‍ പ്രസവമെടുക്കാനാവില്ലെന്നു പറഞ്ഞ് ഏഴ് സ്വകാര്യ ആശുപത്രികള്‍ ഇവരെ മടക്കിയയച്ചിരുന്നു. തുടര്‍ന്ന് നായര്‍ ആശുപത്രിയില്‍ വെച്ചാണ് യുവതി മൂന്നുകുട്ടികള്‍ക്ക് ജന്മം നല്‍കിയത്.

രണ്ട് ആണ്‍കുട്ടികള്‍ക്കും ഒരു പെണ്‍കുട്ടിക്കുമാണ് ഇവര്‍ ജന്മംനല്‍കിയത്. എല്ലാവര്‍ക്കും രണ്ടുകിലോയ്ക്കുമുകളില്‍ തൂക്കമുണ്ടെന്ന് യുവതി പ്രസവിച്ച നായര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. കൊറോണ ബാധിച്ചതിനെത്തുടര്‍ന്ന് ഒന്‍പതുമാസമായി പരിചരിച്ചിരുന്ന ഡോക്ടറും അദ്ദേഹം ജോലി ചെയ്ത ആശുപത്രിയും ഇവര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു.

തുടര്‍ന്ന് പ്രസവത്തിനായി മറ്റ് പല ആശുപത്രികളിലും കയറിയിറങ്ങിയെങ്കിലും കൊറോണരോഗിയായതിനാല്‍ പ്രസവമെടുക്കാനാവില്ലെന്നു പറഞ്ഞ് ഇവരെ മടക്കിയയക്കുകയായിരുന്നു. സ്ഥിരമായി ആശുപത്രികള്‍ മടക്കിയതോടെ തനിക്ക് ആശുപത്രിയില്‍ പ്രസവിക്കാന്‍ കഴിയുമോ എന്നുപോലും യുവതിക്ക് സംശയമായിരുന്നു.

ഒടുവില്‍ നായര്‍ ആശുപത്രിയില്‍ വെച്ചാണ് യുവതി പ്രസവിച്ചത്. നായര്‍ ആശുപത്രിയില്‍ ഗര്‍ഭിണികളായ കൊറോണ രോഗികള്‍ക്ക് ഒരു പ്രത്യേക വാര്‍ഡുതന്നെ തുറന്നിട്ടുണ്ട്.”കുട്ടികള്‍ക്കാര്‍ക്കും കൊറോണ ഇല്ല. അമ്മയ്ക്ക് കുഞ്ഞിനെ മുലയൂട്ടുന്നതില്‍ പ്രശ്‌നമില്ല. അമ്മ മുഖാവരണം ധരിച്ചിരിക്കണമെന്നുമാത്രം.” പ്രസവത്തിന് നേതൃത്വം നല്‍കിയ നായര്‍ ആശുപത്രിയിലെ ഡോ. പത്മജ കുംഭാര്‍ പറഞ്ഞു.

”സാധാരണരീതിയിലാണ് യുവതി ഗര്‍ഭം ധരിച്ചത്. മൂന്നുകുഞ്ഞുങ്ങളുള്ളതിനാല്‍ ഓപ്പറേഷന്‍ വേണ്ടിവന്നു. ഇത് അവരുടെ ആദ്യത്തെ പ്രസവമാണ്. കൊറോണ രോഗികള്‍ മാത്രമുള്ള ആശുപത്രിയായതിനാല്‍ ഇവിടെ രോഗികളെയല്ലാതെ മറ്റാരെയും പ്രവേശിപ്പിക്കാറില്ല. എന്നാല്‍, ഇക്കാര്യത്തില്‍ ഞങ്ങള്‍ യുവതിയുടെ ഭര്‍ത്താവിനെയും അടുത്തുനിര്‍ത്തിയിരുന്നു” – ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version