കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്ന് കൊവിഡ് സ്‌പെഷ്യല്‍ വിമാന സര്‍വീസ് ഏര്‍പ്പെടുത്തണം: പ്രധാനമന്ത്രിക്ക് കത്തയച്ച് കെകെ രാഗേഷ് എംപി

ന്യൂഡല്‍ഹി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിവിധ വിദേശരാജ്യങ്ങളില്‍ നിന്ന് – പ്രത്യേകിച്ചു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കൊവിഡ് സ്‌പെഷ്യല്‍ വിമാന സര്‍വീസ് ഏര്‍പ്പെടുത്താന്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെകെ രാഗേഷ് എംപി പ്രധാന മന്ത്രിക്ക് കത്തയച്ചു.

കേരളത്തിലേയ്ക്കു തിരികെ എത്തുവാനായി നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ 69000-തിലധികം പേര്‍ എത്തിച്ചേരേണ്ട തങ്ങളുടെ ഏറ്റവും അടുത്ത എയര്‍പോര്‍ട്ട് ആണെന്ന് രേഖപ്പെടുത്തിയിട്ടും കൊവിഡ് സ്‌പെഷ്യല്‍ വിമാന സര്‍വീസ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നടത്തേണ്ടതില്ല എന്ന് തീരുമാനീക്കുകയാണ് കേന്ദ്രം ചെയ്തിരിക്കുന്നത്.

കണ്ണൂര്‍ അന്താരാഷ്ട വിമാനത്താവളം സ്ഥിതി ചെയ്യുന്ന ഉത്തരകേരളത്തില്‍ നിന്ന് കണ്ണൂര്‍, കാസര്‍കോഡ് , വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി വിദേശത്തു പ്രത്യേകിച്ച് ഗള്‍ഫ് നാടുകളില്‍ ആയിരക്കണക്കിന് പേര് ആണ് ജോലിചെയ്യുന്നതും കൊവിഡ് മൂലം കുടുങ്ങി കിടക്കുന്നതും. മറ്റ് എയര്‌പോര്‍ട്ടില്‍ ഉത്തരകേരളത്തിലുള്ളവരെ കൊണ്ടുവന്നാല്‍ അവരുടെയെല്ലാം താമസസ്ഥലത്തോ, ജില്ലയിലോ ഉള്ള കൊവിഡ് കെയര്‍ സെന്ററില്‍ എത്തിക്കണമെങ്കില്‍ വലിയ പ്രയാസമാണ് ഉണ്ടാകുക. കണ്ണൂര്‍ എയര്‍പോര്‍ട്ടിലാണെങ്കില്‍ ആരോഗ്യവകുപ്പിന്റെ മാര്‍ഗ്ഗനിര്‌ദ്ദേശങ്ങള്‍ക്കനുസരിച്ച് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുമുണ്ട്.

വലിയ അളവില്‍ യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഉണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഉള്‍പ്പടെ പല ഇന്ത്യന്‍ ആഭ്യന്തര വിമാന കമ്പനികളും കണ്ണൂരില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ രാജ്യങ്ങളിലേക്ക് സര്‍വീസും നടത്തിവന്നിരുന്നു. ആദ്യ വര്‍ഷം തന്നെ 10 ലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്ത അനുഭവവും കണ്ണൂര്‍ വിമാനത്താവളത്തിനുണ്ട്.

ആയതിനാല്‍, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിവിധ വിദേശരാജ്യങ്ങളില്‍ നിന്ന് – പ്രത്യേകിച്ചു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കൊവിഡ് സ്‌പെഷ്യല്‍ വിമാന സര്‍വീസ് ഏര്‍പ്പെടുത്താന്‍ അടിയന്തിരമായി ഇടപെടണമെന്നും കെകെ രാഗേഷ് എംപി പ്രധാന മന്ത്രിയ്ക്കയച്ച കത്തില്‍ അഭ്യര്‍ഥിച്ചു.

Exit mobile version