കൊവിഡ് ബാധിച്ച് അച്ഛൻ മരിച്ചു; കുടുംബം ഒന്നാകെ ക്വാറന്റൈനിലും; 16 ലക്ഷത്തിന്റെ ബില്ല് കൈമാറി സ്വകാര്യ ആശുപത്രിയുടെ ക്രൂരത; എന്തുചെയ്യണമെന്ന് അറിയാതെ ഈ യുവാവ്

മുംബൈ: കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച മുംബൈ സ്വദേശിയുടെ കുടുംബത്തോട് സ്വകാര്യ ആശുപത്രിയുടെ ക്രൂരത. ചികിത്സാച്ചെലവായി ആശുപത്രി അടയ്ക്കാൻ ആവശ്യപ്പെട്ടത് ഭീമമായ ബിൽ തുകയാണ്. മുംബൈ സാന്താ ക്രൂസ് സ്വദേശിയായ 74കാരന്റെ കുടുംബത്തോടാണ് സ്വകാര്യ ആശുപത്രി 16 ലക്ഷത്തോളം രൂപ ബില്ലടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതിദിനം ഒരു ലക്ഷം രൂപയോളം ചെലവായതാണ് ആശുപത്രി ബില്ലിൽ നിന്നും മനസിലായതെന്ന് മരിച്ച രോഗിയുടെ മകൻ പറയുന്നു. ഇത്രഭീമമായ തുകയുടെ ബില്ലടയ്ക്കാൻ സാധാരണക്കാർക്ക് ആർക്കും പറ്റുമെന്ന് തോന്നുന്നില്ല. ഈ ബില്ലുകണ്ട് പകച്ചുപോയെന്ന് പേര് വെളിപ്പെടുത്താത്ത യുവാവ് പറയുന്നു. വാർത്ത ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 15 ദിവസത്തോളം ആശുപത്രിയിൽ ഐസിയുവിൽ കഴിഞ്ഞ ശേഷമായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടത്.

പിതാവ് കൊവിഡ് ബാധിച്ചു മരിച്ചതോടെ നിരീക്ഷണത്തിലായ കുടുംബം വീട്ടിൽ തന്നെയായിരുന്നു തുടർന്നത്. ഇത്ര ഭീമമായ ബിൽ വരുമെന്ന ഒരു സൂചനയും ആശുപത്രി നൽകിയിരുന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് 60000 രൂപ അടച്ചിരുന്നുവെന്നും പിന്നീട് ഫോൺ വഴിയും ഇമെയിൽ വഴിയുമാണ് ആശയവിനിമയം നടന്നതെന്നാണ് ഇവർ പറയുന്നത്. ഡയാലിസിസ് ചെയ്യണമെന്നും വെന്റിലേറ്റർ വേണ്ടിവരുമെന്നും ആശുപത്രി അറിയിച്ചെന്നും ഇതിന് ഇമെയിൽ വഴിയാണ് മറുപടി നൽകിയതെന്നും മകൻ പറഞ്ഞു. പണം നൽകിയില്ലെങ്കിൽ ചികിത്സ നിർത്തി വെക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് 3.4 ലക്ഷം രൂപ കൂടി അടച്ചതായും ഇവർ പറഞ്ഞു. ശ്മശാനത്തിലേയ്ക്ക് മൃതദേഹം അയച്ച ആംബുലൻസിന് പ്രത്യേകം 8000 രൂപ നൽകേണ്ടി വന്നെന്നും ഇവർ കൂട്ടിച്ചേർത്തു.

അതേസമയം, മരിച്ച രോഗിയുടെ കുടുംബത്തിൽ നിന്ന് അമിതമായ ബില്ലാണ് ഈടാക്കിയതെന്ന ആരോപണം ജുഹുവിലെ നാനാവതി ആശുപത്രി നിഷേധിച്ചു. മറ്റു രോഗങ്ങളുണ്ടായിരുന്ന രോഗിയെ മാർച്ച് 31ന് ഗുരുതരമായ അവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചതെന്നും പല അവയവങ്ങളുടെയും പ്രവർത്തനത്തെ വൈറസ് ബാധിച്ചതോടെ ചികിത്സയ്ക്കിടെ ഇദ്ദേഹം മരണപ്പെടുകയായിരുന്നുവെന്നും ആശുപത്രി ഡയറക്ടർ മൻപ്രീത് സഹൽ വ്യക്തമാക്കി. അതേസമയം, മുൻപ് രോഗിയ്ക്ക് ഹൃദയശസ്ത്രക്രിയ നടത്തിയിട്ടുള്ളതാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ശ്വാസതടസ്സം ഉണ്ടായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കുന്നു. ഏത് ആശുപത്രിയിൽ ചികിത്സിച്ചാലും പ്രതിദിനം ഒന്നര ലക്ഷം രൂപയിലധികം ബിൽ വരുമെന്നും അവർ വ്യക്തമാക്കി.

ഇതിനിടെ, കൊവിഡ് രോഗികളിൽ നിന്ന് ആശുപത്രികൾ ഭീമമായ നിരക്ക് ഈടാക്കുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിൽ സ്വകാര്യ ആശുപത്രികളിൽ കൊവിഡ്, കൊവിഡ് ഇതര ചികിത്സയ്ക്ക് ചെലവ് നിയന്ത്രിച്ചു കൊണ്ട് മഹാരാഷ്ട്ര സർക്കാർ സർക്കുലർ പുറത്തിറക്കിയിരുന്നു.

Exit mobile version