കൊവിഡ് 19; മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം 12000 കടന്നു, മരണസംഖ്യ 548 ആയി

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 12000 കടന്നു. ഇതുവരെ 12974 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. മുംബൈയില്‍ കഴിഞ്ഞ ദിവസം പുതുതായി 441 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 21 പേരാണ് കഴിഞ്ഞ ദിവസം ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മുംബൈയില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 343 ആയി ഉയര്‍ന്നു. 8613 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്ര.

ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് വൈറസ് ബാധ രൂക്ഷമായി ബാധിച്ച മറ്റ് സംസ്ഥാനങ്ങള്‍. ഗുജറാത്തില്‍ 5400 കേസുകളും ഡല്‍ഹിയില്‍ 4500 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 42000 കവിഞ്ഞു. ഇതുവരെ 42533 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1373 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.

അതേസമയം രാജ്യം ഇന്ന് ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ മാസം 17 വരെ നീണ്ട് നില്‍ക്കുന്ന ലോക്ക് ഡൗണിനാണ് ഇന്ന് തുടക്കമായത്. രോഗബാധയുള്ള മേഖലകള്‍ അടച്ചിടുകയും മറ്റിടങ്ങളില്‍ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്ന തരത്തിലാണ് നിയന്ത്രണങ്ങള്‍ കൂടുതലും. രോഗബാധ ഏറ്റവും കൂടുതലുള്ള മേഖലകളിലേക്ക് ഇന്ന് കൂടുതല്‍ കേന്ദ്രസംഘങ്ങള്‍ എത്തും. മുംബൈ, ചെന്നൈ, സൂറത്ത്, അഹമ്മദാബാദ്, ലഖ്നൗ തുടങ്ങി 20 സ്ഥലങ്ങളിലാണ് കേന്ദ്രസംഘം ഇന്ന് നിരീക്ഷണത്തിന് എത്തുന്നത്.

Exit mobile version