മുസ്ലീം വ്യാപാരികള്‍ക്ക് പ്രവേശനം നിഷേധിച്ച് ഇന്‍ഡോറിലെ ഗ്രാമം; കേസെടുത്ത് പോലീസ്

ഇന്‍ഡോര്‍: മുസ്ലീം വ്യാപാരികള്‍ക്ക് പ്രവേശനം നിഷേധിച്ച് പോസ്റ്റര്‍ പതിപ്പിച്ച് ഇന്‍ഡോറിലെ ഗ്രാമം. ‘മുസ്ലിം വ്യാപാരിയോം കാ ഗാവോം മേം പ്രവേശ് നിഷേധ് ഹേ’ (മുസ്ലീം വ്യാപാരികള്‍ക്ക് ഗ്രാമത്തിലേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുന്നു) എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

ഇന്‍ഡോറിലെ ദേബാല്‍പൂര്‍ താലൂക്കിലെ പേമാല്‍പുര്‍ പ്രദേശവാസികളാണ് ഇത്തരത്തിലൊരു പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. അതേസമയം ഈ പോസ്റ്റര്‍ എടുത്തുമാറ്റിയെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പോസ്റ്റര്‍ എടുത്തുമാറ്റിയതായി ഇന്‍ഡോര്‍ ഡെപ്യൂട്ടി ജനറല്‍ ഓഫ് പോലീസ് ഹരിനാരായണാചാരി മിശ്ര അറിയിച്ചതായി ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം ഈ പോസ്റ്ററിന് എതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് രംഗത്ത് എത്തി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും പോലീസിനും എതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ‘ഈ നടപടി പ്രധാനമന്ത്രി മോഡിയുടെ ആഹ്വാനത്തിന് വിരുദ്ധമല്ലേ? ഈ പ്രവര്‍ത്തി ശിക്ഷാര്‍ഹമായ കുറ്റമല്ലേ? എന്റെ ചോദ്യങ്ങള്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോടും മധ്യപ്രദേശ് പോലീസിനോടുമാണ്. സമൂഹത്തില്‍ ഇത്തരം വിവേചനം ഒരിക്കലും പാടില്ല. ഇങ്ങനെയുള്ള വിഭാഗീയതകള്‍ ദേശീയ താത്പര്യത്തിന് വിരുദ്ധമാണ്’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

Exit mobile version