കേന്ദ്രം അനുവദിച്ചു; മദ്യശാലകൾ തുറക്കാൻ തയ്യാറെടുത്ത് ഈ സംസ്ഥാനങ്ങൾ; കേരളം ഇനിയും കാത്തിരിക്കണം

ബംഗളൂരു: കേന്ദ്രസർക്കാർ അനുമതി നൽകിയതിനെ തുടർന്ന് ലോക്ക്ഡൗൺ മൂന്നാംഘട്ടത്തിൽ മദ്യശാലകൾ തുറക്കാൻ തയ്യാറെടുത്ത് മഹാരാഷ്ട്രയും കർണാടകയും ആസാമും. തിങ്കളാഴ്ച മുതൽ ഈ സംസ്ഥാനങ്ങളിൽ മദ്യഷോപ്പുകൾ തുറക്കും. സോൺ വ്യത്യാസമില്ലാതെ എല്ലാ ജില്ലകളിലും മദ്യഷാപ്പുകൾ തുറക്കാനാണ് കർണാടകയുടെ തീരുമാനം.

റെഡ്‌സോൺ ജില്ലകളിലെ രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളിൽ മദ്യഷാപ്പുകളും മാളുകളിലെയും ഷോപ്പിംഗ് കോംപ്ലക്‌സുകളിലെയും മദ്യഷാപ്പുകളും തുറക്കില്ല. മദ്യഷാപ്പുകൾ തുറക്കുന്നത് സംബന്ധിച്ച കേന്ദ്ര നിർദേശത്തിൽ കുറച്ചുകൂടി വ്യക്തത വരാനുണ്ടെന്ന് കർണാടക എക്‌സൈസ് മന്ത്രി എച്ച് നാഗേഷ് പറഞ്ഞു.

ഔട്ട്‌ലെറ്റുകൾ മാത്രം തുറന്നാൽ മതിയെന്നും പബ്ബുകൾ, ബാറുകൾ, ബാർ റസ്റ്റോറന്റുകൾ എന്നിവ തുറക്കരുതെന്നും കേന്ദ്രം നിർദേശം നൽകി. സാമൂഹിക അകലം പാലിച്ച് മാത്രമേ വിൽപന നടത്താവൂ എന്നും നിർദേശിച്ചിരുന്നു. കർശന ഉപാധികളോടെ എല്ലാ സോണിലെയും മദ്യഷാപ്പുകൾ തുറക്കാനാണ് മഹാരാഷ്ട്രയും തീരുമാനിച്ചത്.

രോഗവ്യാപനം സ്ഥിരീകരിച്ച സ്ഥലങ്ങളും മാളുകളും ഒഴിവാക്കും. എല്ലാ മദ്യഷാപ്പുകളും തുറക്കാൻ ആസാം സർക്കാറും തീരുമാനിച്ചു. അതേസമയം, കേരളത്തിൽ ഇപ്പോൾ മദ്യഷാപ്പുകൾ തുറക്കേണ്ടെന്നാണ് സംസ്ഥാന സർക്കാർ തീരുമാനം.

Exit mobile version