കൊവിഡ് 19; ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി സിആര്‍പിഎഫ് ആസ്ഥാനം അടച്ചു

ന്യൂഡല്‍ഹി: ജീവനക്കാരന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സിആര്‍പിഎഫ് ആസ്ഥാനം അടച്ചു. ഒരു ഉന്നത ഉദ്യോഗസ്ഥന്റെ പേഴ്സണല്‍ സ്റ്റാഫിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സിആര്‍പിഎഫ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ പേഴ്സണല്‍ സെക്രട്ടറിക്കാണ് രോഗം സ്ഥിരീകരിച്ചത്.

വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കെട്ടിടം സീല്‍ ചെയ്തിരിക്കുകയാണെന്നാണ് സിആര്‍പിഎഫ് അറിയിച്ചത്. ഇന്ന് മുതല്‍ കെട്ടിടത്തിന് അകത്തേക്ക് ആരേയും പ്രവേശിപ്പിക്കില്ലെന്നും രോഗം ബാധിച്ച ജീവനക്കാരനുമായി ബന്ധപ്പെട്ടവരെ നിരീക്ഷണത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം കിഴക്കന്‍ ഡല്‍ഹിയിലെ സിആര്‍പിഎഫ് ക്യാമ്പില്‍ കൊവിഡ് ബാധിച്ച ജവാന്മാരുടെ എണ്ണം 122 ആയി. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സിആര്‍പിഎഫ് മേധാവിയില്‍നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. ആയിരത്തിലധികം അംഗങ്ങളുള്ള സിആര്‍പിഎഫ് ക്യാമ്പില്‍ ആദ്യം ഒമ്പത് പേര്‍ക്കായിരുന്നു വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇപ്പോളത് 122 ആയെന്നാണ് സൈനികവൃത്തങ്ങള്‍ പറയുന്നത്. ഇവരെല്ലാം ഇപ്പോള്‍ മണ്ടോലിയിലെ ചികിത്സാകേന്ദ്രത്തിലാണ്. ഇത്രയും പേര്‍ക്ക് വൈറസ് ബാധയുണ്ടായത് എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

Exit mobile version