‘നിങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രകോപനം ഇത് ആദ്യത്തേതല്ല’; ബംഗാള്‍ ഗവര്‍ണര്‍ക്ക് മമതാ ബാനര്‍ജിയുടെ കത്ത്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ കഴിഞ്ഞ ദിവസം തനിക്കെതിരെ നടത്തിയ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ആദ്യത്തേതല്ലെന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കീഴ്വഴക്കമില്ലാത്തതാണെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഗവര്‍ണര്‍ക്ക് അയച്ച കത്തിലാണ് മമതാ ബാനര്‍ജി ഈ കാര്യം പറഞ്ഞത്.

‘തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്കെതിരേ നിങ്ങള്‍ ഉപയോഗിച്ച വാക്കുകളും ആശയവിനിമയവും ഇന്ത്യന്‍ ഭരണഘടനാ, രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാണ്. നിങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രകോപനം ഇത് ആദ്യത്തേതല്ല’ എന്നാണ് കത്തില്‍ മമതാ ബാനര്‍ജി പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് ബംഗാളിലെ കൊവിഡ് വൈറസ് ബാധിതരുടെ കണക്കുകള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മറച്ചുവെക്കുന്നുവെന്ന ആരോപണവുമായി ഗവര്‍ണര്‍ രംഗത്ത് എത്തിയത്. സംസ്ഥാനത്തെ യഥാര്‍ത്ഥ കൊവിഡ് കണക്കുകള്‍ മമത സര്‍ക്കാര്‍ പുറത്തുവിടണമെന്നാണ് ഗവര്‍ണര്‍ ട്വീറ്റിലൂടെ ആവശ്യപ്പെട്ടത്. ‘കൊവിഡ് 19 കണക്കുകള്‍ മറച്ചു വെക്കാനുള്ള തന്ത്രങ്ങള്‍ മമത ഉപേക്ഷിക്കുക. എന്നിട്ടത് സുതാര്യമായി പങ്കിടുക’ എന്നാണ് മമത ബാനര്‍ജിയെ ടാഗ് ചെയ്തു കൊണ്ട് ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ ട്വീറ്റ് ചെയ്തത്.

Exit mobile version