അഞ്ച് രൂപ നല്‍കൂ, നൂറ് പേരെ പ്രേരിപ്പിക്കൂ എങ്കില്‍ പ്രധാന മന്ത്രിയെ നേരില്‍ കാണാം! നമോ ആപ്പിലൂടെ ഫണ്ട് കണ്ടെത്താന്‍ പുതിയ തന്ത്രവുമായി ബിജെപി

ന്യൂഡല്‍ഹി: പാര്‍ട്ടി ധനസമാഹരണത്തിന് പുതിയ മാര്‍ഗ്ഗവുമായി ബിജെപി രംഗത്ത്. നമോ ആപ്പിലൂടെ അഞ്ച് രൂപ മുതല്‍ 1000 രൂപ വരെ ബിജെപിക്ക് സംഭാവന നല്‍കിയാല്‍ പ്രധാനമന്ത്രിയെ നേരിട്ട് കാണാമെന്ന വാഗ്ദാനമാണ് ബിജെപിയുടെ പുതിയ തന്ത്രം.

നമോ ആപ്പ് വഴി സംഭാവന നല്‍കുമ്പോള്‍ ഒരു റഫറല്‍ കോഡ് ഫോണിലേക്ക് എത്തും. ഈ കോഡ് ഇ-മെയില് വഴിയോ, മെസേജ് വഴിയോ, വാട്ട്‌സാപ്പ് വഴിയോ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് അയയ്ക്കണം.

ഇങ്ങനെ അയയ്ക്കുന്നവരില്‍ നിന്നും കുറഞ്ഞത് 100 പേരെങ്കിലും ബിജെപിക്കായി സംഭാവന ചെയ്താല്‍ സംഭാവന നല്‍കാന്‍ അവരെ പ്രേരിപ്പിച്ചതിന് പ്രധാനമന്ത്രിയെ നേരില്‍ കാണാനുള്ള അവസരം ലഭിക്കുമെന്നാണ് ബിജെപി നേതാക്കളുടെ അവകാശ വാദം. റഫറല്‍ കോഡ് വഴി 10 പേരെ സ്വാധീനിക്കുമ്പോള്‍ ടീ-ഷര്‍ട്ടുകളും, കോഫീ മഗ്ഗുകളും ആപ്പില്‍ നിന്നും സമ്മാനമായി ലഭിക്കുമെന്നും നേതാക്കള്‍ പറയുന്നു.

ജനങ്ങളുമായി ഊഷ്മളമായ ബന്ധം ഉണ്ടാക്കുന്നതിനായി പാര്‍ട്ടി സ്വീകരിച്ച നയമാണിതെന്നാണ് വക്താക്കളുടെ അഭിപ്രായം. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ധനസമാഹരണം ആണെങ്കിലും ഇത് മോഡിയുടെ ജനപ്രിയത കൂട്ടുന്നതിനും കാരണമാകും എന്നാണ് വിലയിരുത്തുന്നത്.

Exit mobile version