കൊവിഡ് 19; ഡല്‍ഹിയില്‍ ആംആദ്മി എംഎല്‍എയ്ക്കും സഹോദരനും വൈറസ് ബാധ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആംആദ്മി എംഎല്‍എയ്ക്കും സഹോദരനും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ആംആദ്മി എംഎല്‍എ വിശേഷ് രവിയ്ക്കും സഹോദരനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ബുധനാഴ്ച പരിശോധനയ്ക്ക് വിധേയനായ വിശേഷ് രവിയുടെ പരിശോധനാഫലം ഇന്നലെയാണ് പുറത്തുവന്നത്.

ഇതുവരെ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത ഇദ്ദേഹം ഇപ്പോള്‍ ക്വാറന്റൈനിലാണ്. തനിക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും വൈറസ്ബാധ സ്ഥിരീകരിച്ചതിനാല്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നാണ് അദ്ദേഹം അറിയിച്ചത്.

അതേസമയം ഡല്‍ഹിയില്‍ ഇതുവരെ 3738 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 59 പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്. രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 37,336 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂനിടെ രാജ്യത്ത് 71 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 1218 ആയി. ഒരു ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Exit mobile version