ലോക്ക് ഡൗണ്‍ ഇളവുകളില്‍ കൂടുതല്‍ വ്യക്തത വരുത്തി കേന്ദ്രം; സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 33 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് തുറന്ന് പ്രവര്‍ത്തിക്കാം

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ഇളവുകളില്‍ കൂടുതല്‍ വ്യക്തത വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വളരെ കുറച്ച് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതോ കൊവിഡ് കേസുകള്‍ ഇല്ലാത്തതോ ആയ പ്രദേശങ്ങള്‍ക്കുള്ളില്‍ വ്യവസായ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 33 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് തുറന്ന് പ്രവര്‍ത്തിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം ബാക്കിയുള്ള ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാമെന്നും എന്നാല്‍ മൂന്നിലൊന്ന് ജീവനക്കാര്‍ മാത്രമേ ഇവിടെ ജോലി ചെയ്യാന്‍ പാടുള്ളുവെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം ഡെപ്യൂട്ടി സെക്രട്ടറി മുതല്‍ മുകളിലേക്കുള്ള എല്ലാ സെക്രട്ടറിമാരും ജോലിക്ക് എത്തണമെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്.

റെഡ് സോണിലുള്ള പ്രദേശത്തെ മാധ്യമ സ്ഥാപനങ്ങള്‍, ഐടി കമ്പനികള്‍, കോള്‍ സെന്ററുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, വെര്‍ഹൗസിങ് സേവനങ്ങള്‍, സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍, സ്വയം തൊഴില്‍ സംരഭകര്‍ എന്നിവര്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാമെന്നും കേന്ദ്രം അറിയിച്ചു. എന്നാല്‍ ഹെയര്‍ സലൂണുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവ തുറക്കാന്‍ പാടില്ല. ഓറഞ്ച് സോണില്‍ ടാക്സി വാഹനങ്ങള്‍ക്ക് അനുമതി നല്‍കി. എന്നാല്‍ ടാക്സി വാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ ഒരു യാത്രക്കാരനെ മാത്രമെ അനുവദിക്കുകയുള്ളൂ. ഇരുചക്ര വാഹനങ്ങളില്‍ രണ്ടുപേര്‍ക്ക് യാത്ര ചെയ്യാം.

നിലവില്‍ രാജ്യത്ത് മെയ് 17 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. അതേസമയം വ്യോമ, റെയില്‍, റോഡ് ഗതാഗതത്തിന് നിലവിലുള്ള വിലക്കുകള്‍ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ ശാലകള്‍, ഹോട്ടല്‍, ബാര്‍ തുടങ്ങിയവയെല്ലാം അടച്ചിടണമെന്നും കേന്ദ്രം വ്യക്തമാക്കി.

Exit mobile version