കൊവിഡ് 19; വൈറസ് ബാധമൂലം മുംബൈയില്‍ മൂന്ന് ദിവസത്തിനകം മരിച്ചത് മൂന്ന് പോലീസുകാര്‍, 55 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ ഉദ്യോഗസ്ഥരോടും അവധിയില്‍ പോകാന്‍ നിര്‍ദേശിച്ച് ആഭ്യന്തരവകുപ്പ്

മുംബൈ: കൊവിഡ് 19 വൈറസ് ബാധമൂലം കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മുംബൈയില്‍ മൂന്ന് പോലീസുകാരാണ് മരിച്ചത്. പോലീസുകാര്‍ക്കിടയില്‍ രോഗവ്യാപനം കൂടുന്നത് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഇതേതുടര്‍ന്ന് 55 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ ഉദ്യോഗസ്ഥരോടും അടിയന്തിരമായി അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ആഭ്യന്തരവകുപ്പ്. വൈറസ് ബാധ മൂലം മരിച്ച മൂന്ന് പോലീസുകരും
50 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്.

‘മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നതാണ്. ഈ ഉദ്യോഗസ്ഥര്‍ അവധിക്ക് അപേക്ഷിച്ചാല്‍ അത് അനുവദിക്കാനും നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. പരമാവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഡസ്‌ക് ഡ്യൂട്ടിക്കാണ് നിയോഗിച്ചിരുന്നത്. നിലവില്‍ 55 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ ഉദ്യോഗസ്ഥരോടും അടിയന്തിരമായി അവധിയില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 50 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവരെയും പ്രത്യേകം നിരീക്ഷിക്കും’ എന്നാണ് മുംബൈ പോലീസ് വക്താവ് ഡിസിപി പ്രണയ് അശോക് അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് വൈറസ് ബാധമൂലം 56-കാരനായ ട്രാഫിക് പോലീസ് കോണ്‍സ്റ്റബിള്‍ മുംബൈയിലെ കെഇഎം ആശുപത്രിയില്‍ മരിച്ചത്. അസുഖബാധിതനായ ഇദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മൂന്ന് ആശുപത്രികള്‍ ഇദ്ദേഹത്തിന് ചികിത്സ നിഷേധിച്ചു. ഇതിന് ശേഷമാണ് ഇദ്ദേഹത്തെ കെഇഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസുകാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മഹാരാഷ്ട്രയില്‍ കൃത്യമായ ചികിത്സ പോലും കിട്ടുന്നില്ല എന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു.

Exit mobile version