കൊവിഡ് 19; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 60 പേര്‍, പുതുതായി രോഗം സ്ഥിരീകരിച്ചത് 1463 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 29000 കവിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1463 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 29000 കവിഞ്ഞു. ഇന്നലെ മാത്രം 60 പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്. രാജ്യത്ത് 24 മണിക്കൂറിനിടെ ഇത്രയും മരണം സ്ഥിരീകരിക്കുന്നത് ഇതാദ്യമായിട്ടാണ്. മരണസംഖ്യ 939 ആയി ഉയര്‍ന്നു.

വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് മിക്ക സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. മെയ് 15 വരെ ഭാഗികമായി ലോക്ക് ഡൗണ്‍ നീട്ടണമെന്നതാണ് കേരളത്തിന്റെ നിലപാട്. ലോക്ക് ഡൗണ്‍ ഒരു മാസത്തേക്ക് നീട്ടണമെന്നാണ് ഒഡീഷ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം നിയന്ത്രിതമായ ഇളവുകളോടെ ലോക്ക് ഡൗണ്‍ തുടരണമെന്നതാണ് ഗോവയുടെ നിര്‍ദേശം.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ പുതുതായി 522 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണം 8590 ആയി. കഴിഞ്ഞ ദിവസം മാത്രം 27 പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 369 ആയി ഉയര്‍ന്നു. ധാരാവിയില്‍ പുതുതായി 13 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ പുതുതായി 247 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 3548 ആയി. കഴിഞ്ഞ ദിവസം പതിനൊന്ന് പേരാണ് ഇവിടെ മരിച്ചത്.

ചെന്നൈയില്‍ വൈറസ് ബാധിതരുടെ എണ്ണം 500 കടന്നു. ചെന്നൈ റോയപുരത്ത് ഇതുവരെ 145 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. റോയപുരത്തോട് അടുത്ത സ്ഥലങ്ങളിലും രോഗവ്യാപന തോത് വര്‍ധിക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പടെ അമ്പതോളം ആരോഗ്യ പ്രവര്‍ത്തകരും ഇവിടെ നിരീക്ഷണത്തിലാണ്.

Exit mobile version