കൊവിഡ് 19; മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം 8000 കവിഞ്ഞു, മരണ സംഖ്യ 342 ആയി

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. കഴിഞ്ഞ 24 മണിക്കൂറിനിടെ 440 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 8068 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം ഇന്നലെ പത്തൊമ്പത് പേരാണ് ഇവിടെ മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 342 ആയി. അതേസമയം സംസ്ഥാനത്ത് ഇതുവരെ 1188 പേര്‍ക്ക് രോഗം ഭേദമായെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

വൈറസ് ബാധമൂലം മുംബൈയില്‍ മരിച്ച പോലീസുകാരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതേസമയം വൈറസ് ബാധിതര്‍ ഏറ്റവും കൂടിതലുള്ള മുംബൈ, പൂനെ എന്നിവിടങ്ങളില്‍ മെയ് 18 വരെ ലോക്ഡൗണ്‍ നീട്ടുമെന്നാണ് സൂചന. ഇന്ന് ഈ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

വൈറസ് ബാധിതര്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ സംസ്ഥാനം ഗുജറാത്താണ്. കഴിഞ്ഞ ദിവസം 230 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം മൂവായിരം കവിഞ്ഞു. ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം 2918 ആയി. രാജ്യത്ത് ഇതുവരെ 26917 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 826 പേരാണ് വൈറസ് ബാധമൂലം ഇതുവരെ മരിച്ചത്.

Exit mobile version