കിം മരിക്കുകയാണെങ്കില്‍ അധികാരത്തില്‍ എത്തുക അദ്ദേഹത്തേക്കാള്‍ ക്രൂരയായ സഹോദരി; സംവിധായകന്‍ രാം ഗോപാല്‍ വര്‍മ

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നുമൊക്കെയുള്ള നിരവധി റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അങ്ങനെ കിം ജോങ് ഉന്നിന്റെ ആരോഗ്യ നിലയെക്കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ തുടര്‍ഭരണത്തെക്കുറിച്ചുമുള്ള ചര്‍ച്ചകളും ഉയര്‍ന്നുവന്നിട്ടുണ്ട്.

കിം മരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ സഹോദരി കിം ഡൈനാസ്റ്റി ഭരണം ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ സംവിധായകനായ രാം ഗോപാല്‍ വര്‍മ. കിം മരിക്കുകയാണെങ്കില്‍ അദ്ദേഹത്തേക്കാള്‍ ക്രൂരയായ സഹോദരിയായിരിക്കും അധികാരത്തില്‍ എത്തുക എന്ന് രാം ഗോപാല്‍ വര്‍മ പ്രതികരിച്ചു.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ”ഇതിനിടെ കിം മരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ സഹോദരി കിം ഡൈനാസ്റ്റി ഭരണം ഏറ്റെടുക്കുമെന്ന് പല അഭ്യൂഹങ്ങളും കേള്‍ക്കുന്നു. അങ്ങനെയെങ്കില്‍ ലോകത്തിന് ആദ്യത്തെ വനിതാ വില്ലനെയായിരിക്കും ലഭിക്കുക. അതോടെ ജയിംസ് ബോണ്ട് എന്ന സങ്കല്‍പം യാതാര്‍ഥ്യമാകും’ രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തു.

ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ കിം ജോങ് ഉന്നിന്റെ ആരോഗ്യനില ഗുരുതരമാണെന്നും അദ്ദേഹത്തിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നുമുള്ള തരത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ഇതുവരെ ഉത്തരകൊറിയ പ്രതികരിച്ചിട്ടില്ല.

Exit mobile version