ഗ്രാമങ്ങളിലെ മാളുകളല്ലാത്ത എല്ലാ കടകളും തുറക്കാം; അനുമതിയില്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കടകള്‍ തുറക്കാന്‍ അനുമതി നല്‍കി ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച ഉത്തരവില്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഗ്രാമപ്രദേശങ്ങളില്‍ ഷോപ്പിങ് മാളുകളല്ലാത്ത എല്ലാ കടകളും തുറക്കാന്‍ അനുമതിയുണ്ട്. അവശ്യസാധനങ്ങളും അല്ലാത്തതും വില്‍ക്കുന്ന കടകള്‍ക്ക് ഇത് ബാധകമാണെന്ന് കേന്ദ്രം അറിയിച്ചു. നഗരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന കടകള്‍, അയല്‍പ്പക്ക കടകള്‍, റെസിഡന്‍ഷ്യല്‍ കോംപ്ലക്സുകളിലെ കടകള്‍ എന്നിവക്ക് തുറന്ന് പ്രവര്‍ത്തിക്കാം.

എന്നാല്‍ നഗരപ്രദേശങ്ങളിലെ മാര്‍ക്കറ്റുകള്‍, മാര്‍ക്കറ്റ് കോംപ്ലക്സുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ തുറക്കാന്‍ പാടില്ലെന്നും ആഭ്യന്തര മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കി. അവശ്യവസ്തുക്കള്‍ മാത്രം വിതരണം ചെയ്യുന്നതിന് ഓണ്‍ലൈണ്‍ വ്യാപാര കമ്പനികള്‍ക്ക് അനുമതിയുള്ളൂ. നേരത്തെയുള്ള ഈ അനുമതി അതേപടി തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള ദേശീയ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയതു പോലെ മദ്യവും മറ്റ് വസ്തുക്കളും വില്‍ക്കുന്നത് നിരോധിച്ചിരിക്കുന്നുവെന്നും ഉത്തരവില്‍ ആവര്‍ത്തിക്കുന്നുണ്ട്. അതേസമയം തന്നെ നഗരങ്ങളാണെങ്കിലും ഗ്രാമങ്ങളാണെങ്കിലും സംസ്ഥാന സര്‍ക്കാരുകളോ കേന്ദ്ര ഭരണപ്രദേശങ്ങളിലെ അധികൃതരോ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ ഇപ്പോള്‍ ഇളവുകള്‍ അനുവദിച്ച ഒരു കടകളും തുറക്കാന്‍ അനുമതിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

Exit mobile version