ലോക്ക്ഡൗണിൽ വീട്ടിലിരുന്ന് മടുത്തതോടെ വനത്തിൽ കയറി ഉടുമ്പിനെ വേട്ടയാടി തിന്നു; ടിക്‌ടോക്ക് വീഡിയോ വൈറലായതോടെ ആറംഗ സംഘം അറസ്റ്റിൽ

ചെന്നൈ: ലോക്ക് ഡൗൺ കാരണം വീട്ടിലിരുന്ന് മടുത്തപ്പോൾ അടുത്തുള്ള വനത്തിലിറങ്ങി ഉടുമ്പിനെ വേട്ടയാടി പിടിച്ചുതിന്ന ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു. തിരുച്ചിറപ്പള്ളി ജില്ലയിലെ വളനാട് സംരക്ഷിത വനത്തിൽ വേട്ടയാടിയാണ് ഇവർ ഉടുമ്പിനെ പിടിച്ചത്. ഇതിനെ കൊല്ലുന്നതിന്റെ ഉൾപ്പടെയുള്ള ദൃശ്യങ്ങൾ ഇവർ ടക്‌ടോക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് വൈറലായതോടെയാണ് സംഭവം വനംവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. അറസ്റ്റിലായ ആറു പേരും വളനാട് സോളയമ്മപ്പെട്ടി ഗ്രാമത്തിൽ താമസിക്കുന്നവരാണ്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ഈ മാസം 21ന് നടന്ന സംഭവത്തിന്റെ വീഡിയോ എഡിറ്റ് ചെയ്ത് ഗാനഭാഗങ്ങളും ചേർത്ത് കഴിഞ്ഞ ദിവസമാണ് ഇവർ ടിക്‌ടോക്കിൽ പോസ്റ്റ് ചെയ്തത്. ലോക്ക്ഡൗൺ കാലത്ത് നിയമം ലംഘിച്ച് കാട്ടിൽ വേട്ടയ്ക്ക് പോകുന്നവരുടെ എണ്ണം വർധിച്ചതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെങ്കിലും പലപ്പോഴും പ്രതികൾ പിടികൊടുക്കാതെ കാട്ടുവഴികളിലൂടെ രക്ഷപ്പെടുകയാണെന്നും അധികൃതർ പറയുന്നു.

Exit mobile version