‘പ്രശ്‌നം ഞങ്ങളയച്ച ടെസ്റ്റ് കിറ്റുകൾക്ക് അല്ല; നിങ്ങൾക്ക് ഉപയോഗിക്കാൻ അറിയാഞ്ഞിട്ടാണ്’; മോശം കിറ്റുകൾ അയച്ചതും പോരാതെ ഇന്ത്യയെ കുറ്റപ്പെടുത്തിയും നാണംകെടുത്തിയും ചൈന

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്നതിനിടെ ഗുണമേന്മയില്ലാത്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കേണ്ടി വരുന്ന ഗതികേട് കിറ്റുകൾ എത്തിച്ച ചൈനയോട് പറഞ്ഞതിന്, ഇന്ത്യയെ കുറ്റപ്പെടുത്തി ചൈന. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിതരണം ചെയ്ത കൊവിഡ് പരിശോധനയ്ക്ക് ഉപയോഗിച്ച് കൊണ്ടിരിക്കുന്ന റാപിഡ് ടെസ്റ്റ് കിറ്റുകൾ കുറ്റമറ്റതാണെന്ന് ചൈന അവകാശപ്പെട്ടു. കുഴപ്പം കിറ്റുകൾക്കല്ല ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകർ അത് ഉപയോഗിച്ച രീതിക്കാണെന്നാണും ലോകത്തെ മറ്റ് രാജ്യങ്ങളൊന്നും ഇത്തരത്തിൽ പരാതി പറഞ്ഞിട്ടില്ലെന്നും കിറ്റ് നിർമ്മിച്ച ചൈനീസ് കമ്പനികൾ വാദിച്ചു.

ചൈനീസ് കമ്പനികളായ വോണ്ട്‌ഫോ ബയോടെക്, ലിവ്‌സോൺ ഡയഗ്‌നോസിസ് എന്നീ കമ്പനികൾ നിർമ്മിച്ച അഞ്ച് ലക്ഷത്തോളം റാപിഡ് ടെസ്റ്റ് കിറ്റുകളാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരിക്കുന്നത്. കൊവിഡ് രോഗബാധ അതിവേഗം പടരുന്ന സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം ഈ കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

എന്നാൽ, കിറ്റുകളിൽ നടത്തുന്ന പരിശോധനയിൽ കൃത്യതയില്ലെന്ന് രാജസ്ഥാനും പശ്ചിമബംഗാളും റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് റാപിഡ് ടെസ്റ്റ് കിറ്റുകൾ വഴിയുള്ള പരിശോധന നിർത്തിവെക്കാൻ ഐസിഎംആർ നിർദേശിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് വിശദീകരണവുമായി കമ്പനികൾ രംഗത്തെത്തിയത്. ലോകവ്യാപകമായി കിറ്റുകൾ വിതരണം ചെയ്‌തെന്നും എവിടെനിന്നും ഇത്തരത്തിലുള്ള പരാതികൾ വന്നിട്ടില്ല. ഇന്ത്യയിലെ ആരോഗ്യപ്രവർത്തകർ കിറ്റുകൾ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന മാർഗനിർദേശം ശ്രദ്ധിച്ച് ഉപയോഗിച്ചാൽ മതിയെന്നും ഇവർ ന്യായീകരിക്കുന്നു.

എന്നാൽ ചൈന കിറ്റുകൾ നിർമ്മിച്ചത് തിരക്കുപിടിച്ചാണെന്നാണ് ഇന്ത്യയിലെ മുതിർന്ന ഇൻഫെക്ഷൻ ഡിസീസ് വിദഗ്ധൻ ഡോ. മുബഷീർ അലി നിരീക്ഷിച്ചു. കിറ്റുകൾ നിർമ്മാണ ശേഷം കൃത്യമായി പരിശോധിക്കാൻ കമ്പനികൾ തയ്യാറായിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നും അവർ തങ്ങളുടെ ഉൽപ്പന്നം എത്രയും പെട്ടെന്ന് മാർക്കറ്റ് ചെയ്യാനാണ് ശ്രമിച്ചത്. ഇതുകൊണ്ടുതന്നെ മനുഷ്യരിൽ ചുരുങ്ങിയ പരിശോധനകളെ ആ ചൈനീസ് കമ്പനികൾ നടത്തിയിട്ടുള്ളൂവെന്നും ഡോ. മുബഷീർ അലി ചൂണ്ടിക്കാണിക്കുന്നു.

Exit mobile version