കൊവിഡ് പ്രതിരോധിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് മതിയായ ഭക്ഷണവും പിപിഇ കിറ്റുകളുമില്ല; റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ തമിഴ്‌നാട്ടിൽ അറസ്റ്റിൽ

കോയമ്പത്തൂർ: സർക്കാർ ആശുപത്രിയിൽ കൊവിഡ് പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് കൃത്യമായ ഭക്ഷണവും വ്യക്തി സുരക്ഷാ (പിപിഇ) കിറ്റും ലഭ്യമല്ലെന്ന് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെ അറസ്റ്റു ചെയ്ത് പോലീസ്. കോയമ്പത്തൂരിലെ സർക്കാർ ആശുപത്രി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ വാർത്ത റിപ്പോർട്ട് ചെയ്ത സിംപ്ലിസിറ്റി എന്ന ഓൺലൈൻ പോർട്ടലിന്റെ സ്ഥാപകനും മാധ്യമപ്രവർത്തകനുമായ ആൻഡ്ര്യൂ സാം രാജ പാണ്ഡ്യനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

കോയമ്പത്തൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ കൊവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർ തുടർച്ചയായി ഭക്ഷണമില്ലാതെ ജോലിചെയ്യേണ്ടിവരുന്നുവെന്നും പിപിഇ കിറ്റുകൾ നൽകുന്നില്ലെന്നുമാണ് പോർട്ടൽ റിപ്പോർട്ടു ചെയ്തിരുന്നത്. ഇതേതുടർന്ന് ആശുപത്രിയിലെ ഡീനിനെ സ്ഥലം മാറ്റുകയും ചെയ്തു. പക്ഷെ, ഈ നടപടിക്ക് പിന്നാലെ പോർട്ടലിൽ നിന്നും വാർത്ത പിൻവലിച്ചിരുന്നു.

ഈ വാർത്തയെ കൂടാതെ, തമിഴ്‌നാട്ടിലെ റേഷൻ കടകളിലൂടെ വിതരണം ചെയ്യപ്പെടേണ്ട ഉത്പന്നങ്ങൾ കടയിലെ ജീവനക്കാർ മറിച്ചു വിൽക്കുന്നു എന്നും പോർട്ടൽ റിപ്പോർട്ട് ചെയ്തിരുന്നു. റേഷൻ ഉടമ വാങ്ങിക്കാത്ത ഉത്പന്നങ്ങൾ വാങ്ങിയതായി കാണിക്കുന്ന മെസേജിന്റെ സ്‌ക്രീൻ ഷോട്ടുകളും തെളിവായി പോർട്ടൽ വാർത്തയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതും മാധ്യമപ്രവർത്തകന്റെ അറസ്റ്റിലേക്ക് നയിച്ചതായാണ് വിവരം.

കോയമ്പത്തൂർ അസിസ്റ്റന്റ് കമ്മീഷണർ എം സുന്ദരരാജനാണ് മാധ്യമപ്രവർത്തകനെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. നൽകിയ വാർത്ത വ്യാജവും പ്രകോപനപരവുമാണെന്ന് ചൂണ്ടിക്കാട്ടിയ പോലീസ്, ഇന്ത്യൻ പീനൽ കോഡിലെ 188 എപിഡമിക് ഡീസസ് ആക്ടിനു കീഴിലെ 505 എന്നീ വകുപ്പുകൾ ചുമത്തിയാണ് മാധ്യമപ്രവർത്തകനെ അറസ്റ്റു ചെയ്തിരിക്കുന്നത്.

Exit mobile version