കൊവിഡ് വ്യാപനം; ഒക്ടോബര്‍ വരെ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും പൂട്ടും…? വാര്‍ത്തയില്‍ പ്രതികരണവുമായി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡിയയിലും മറ്റും നിറയുന്ന ഒന്നാണ് ഒക്ടോബര്‍ 15 വരെ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും പൂട്ടിടും എന്ന വാര്‍ത്ത. സംഭവം തീ കത്തിപ്പടരും പോലെ സോഷ്യല്‍മീഡിയയിലും മറ്റും നിറയുകയാണ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് തീരുമാനം എന്നും പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര ടൂറിസം വകുപ്പ്.

അത് തെറ്റായ വാര്‍ത്തയാണെന്നും കൊവിഡ് ഭീതിയൊഴിഞ്ഞ ഉടന്‍ ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും പ്രവര്‍ത്തിച്ചുതുടങ്ങാമെന്നും മന്ത്രാലയം അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് വ്യാജവാര്‍ത്തകള്‍ പ്രചരിച്ചത്. ഇത് ജനങ്ങള്‍ വിശ്വസിക്കരുതെന്നും ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യരുതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കും. ടൂറിസം മന്ത്രാലയം പുറപ്പെടുവിച്ചെന്ന പേരില്‍ ഒരു വ്യാജ ഉത്തരവാണ് വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്നത്. മുംബൈ സൈബര്‍ പോലീസ് ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version