ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുറമെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലും കൊവിഡ് വ്യാപനം; ചെന്നൈയില്‍ 10 പേര്‍ക്ക് കൂടി കൊവിഡ് 19, ഇതുവരെ വൈറസ് ബാധയേറ്റത് 40ഓളം മാധ്യമ പ്രവര്‍ത്തകര്‍ക്ക്

ചെന്നൈ: ചെന്നൈയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്നാലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലും കൊവിഡ് 19 പടര്‍ന്ന് പിടിക്കുകയാണ്. ഇന്ന് 10 പേര്‍ക്ക് കൂടിയാണ് വൈറസ് ബാധയേറ്റിരിക്കുന്നത്. ഇതോടെ വൈറസ് സ്ഥിരീകരിച്ചരിക്കുന്നവരുടെ എണ്ണം 40ആയി ഉയര്‍ന്നിരിക്കുകയാണ്. വൈറസ് ബാധ സ്ഥിരീകരിച്ച 10 പേരില്‍ ആറ് പേര്‍ തമിഴ് ചാനലിലെ മാധ്യമപ്രവര്‍ത്തകരാണ്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ് പിടിപെടുന്ന സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ചെന്നൈയില്‍ 26 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എല്ലാവരും സ്വകാര്യ ചാനല്‍ ജീവനക്കാരാണ്.

ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചാനല്‍ പൂട്ടുകയും ചെയ്തിരുന്നു. പിന്നാലെയാണ് 10 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകന്‍ ആരോഗ്യ സെക്രട്ടറിയുടെ ദിവസേനയുള്ള വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇതും വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.

Exit mobile version