കൊവിഡ് ഭേദമായി വീട്ടിലെത്തിയ 50കാരന് വന്‍ സ്വീകരണം; പാര്‍ട്ടി ഒരുക്കിയ 15 പേര്‍ക്കെതിരെ കേസ്, രോഗം ഭേദമായ ആളും കുടുങ്ങും

നാഗപട്ടണം: കൊവിഡ് രോഗം ഭേദമായ 50 കാരന് വന്‍ സ്വീകരണം ഒരുക്കി ആഘോഷം. സംഭവത്തില്‍ 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതോടൊപ്പം രോഗം ഭേദമായ വ്യക്തിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ സിര്‍കാഴിയിലാണ് സ്വീകരണം ഒരുക്കിയത്.

ഡല്‍ഹിയില്‍ നിന്നെത്തിയതിന് ശേഷമാണ് സിര്‍കാഴി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇയാള്‍ തിരുവാരൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. രോഗം പൂര്‍ണ്ണമായി ഭേദമായതിനെ തുടര്‍ന്ന് ഞായറാഴ്ച ആശുപത്രി വിട്ടു. ആംബുലന്‍സില്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ ഇയാളെ സ്വീകരിക്കാനായി നിരവധി പേര്‍ ഒത്തുകൂടുകയായിരുന്നു.

സുഹൃത്തുക്കളും പ്രദേശത്തുള്ളവരുമാണ് സ്വീകരിക്കാന്‍ എത്തിയത്. ശേഷം പാര്‍ട്ടിയും ഒരുക്കിയിരുന്നു. ഒപ്പം സ്വീകരണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. ഇതോടെയാണ് അധികൃതര്‍ വിവരം അറിഞ്ഞത്. ശേഷം ലോക്ക്ഡൗണ്‍ ലംഘിച്ചതിന് 15 പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

Exit mobile version