തെലങ്കാനയില്‍ ലോക്ക് ഡൗണ്‍ മെയ് ഏഴ് വരെ നീട്ടി; മരുന്നു കമ്പനികളേയും അരി മില്ലുകളേയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കും

ഹൈദരാബാദ്: കൊവിഡ് 19 വൈറസിന്റെ വ്യാപനം തടയുന്നതിനായി തെലങ്കാനയില്‍ ലോക്ക് ഡൗണ്‍ മെയ് ഏഴ് വരെ നീട്ടി. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ മെയ് അഞ്ചിന് സര്‍ക്കാര്‍ പരിശോധിച്ചതിന് ശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നാണ് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു അറിയിച്ചത്.

അതേസമയം ലോക്ക് ഡൗണ്‍ സമയത്ത് മരുന്നു കമ്പനികളേയും അരി മില്ലുകളേയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരടക്കമുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്വിഗ്ഗി, സൊമാറ്റോ പോലുള്ളവര്‍ ഭക്ഷണ വിതരണത്തിന് ശ്രമിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ചന്ദ്രശേഖര്‍ റാവു മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികള്‍ക്ക് പ്രത്യേക റേഷന്‍ അനുവദിക്കുമെന്നും കുടുംബ സമേതം തെലങ്കാനയില്‍ കഴിയുന്ന കുടിയേറ്റ തൊഴിലാളികളാണെങ്കില്‍ 1500 രൂപ ധന സഹായവും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് പ്രതിരോധത്തിനായി ജീവന്‍ പണയംവെച്ച് ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് പത്ത് ശതമാനം ശമ്പള വര്‍ധനവ് ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ
858 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 21 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.

Exit mobile version