രാജ്യത്ത് കൊവിഡ് മരണം 507 ആയി; വൈറസ് ബാധിതരുടെ എണ്ണം 15,712, കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത് 324 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 507 ആയി. ഇതുവരെ 15,712 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ മാത്രം 324 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പുതിയ കണക്ക് പുറത്തുവിട്ടത്.
എന്നാല്‍ രാജ്യത്ത് 16365 വൈറസ് ബാധിതരുണ്ടെന്നാണ് ഐസിഎംആറിന്റെ കണക്ക്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട രോഗബാധിതരുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. ഇന്നലെ മാത്രം 324 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 3,648 ആയി ഉയര്‍ന്നു. മുംബൈയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 184 പേര്‍ക്കാണ് മുംബൈയില്‍ മാത്രം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ധാരാവിയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം ധാരാവിയില്‍ പതിനാറ് പേര്‍ക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ധാരാവിയില്‍ വൈറസ് ബാധിതരുടെ എണ്ണം 117 ആയി. പത്ത് പേരാണ് ഇവിടെ മരിച്ചത്.

രണ്ടാം സ്ഥാനത്ത് ഡല്‍ഹിയിലാണ് ഉള്ളത്. ഇതുവരെ ഡല്‍ഹിയില്‍ 1893 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 42 പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്. വൈറസ് ബാധമൂലം ഡല്‍ഹിയില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഡല്‍ഹി കലാവതി സരണ്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കുഞ്ഞാണ് മരിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് 19 മരണമാണിത്. അതേസമയം ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ വേണ്ടെന്നാണ് സംസ്ഥാനം കേന്ദ്രത്തോട് വ്യക്തമാക്കിയത്.

Exit mobile version