ലോക്ക് ഡൗണ്‍; മഹാരാഷ്ട്രയില്‍ കുടുങ്ങിക്കിടക്കുന്ന ഒരു ലക്ഷത്തിലേറെ കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി

മുംബൈ: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ കുടുങ്ങിക്കിടക്കുന്ന ഒരു ലക്ഷത്തിലേറെ കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. കുടിയേറ്റ തൊഴിലാളികള്‍ക്ക് മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങാമെന്നാണ് മഹാരാഷ്ട്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ടെ അറിയിച്ചത്. അതേസമയം നാട്ടില്‍ തിരിച്ചെത്തുന്ന തൊഴിലാളികള്‍ അവരുടെ വീടുകളില്‍തന്നെ തുടരണമെന്ന നിര്‍ദേശവും മന്ത്രി മുണ്ടെ നല്‍കിയിട്ടുണ്ട്.

അഹമദ്‌നഗര്‍, ബീഡ് തുടങ്ങിയ ഇടങ്ങളില്‍ കരിമ്പ് കൃഷിയുമായി ബന്ധപ്പെട്ട ജോലിക്കായി വന്ന കുടിയേറ്റ തൊഴിലാളികള്‍ക്കാണ് ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇവരുടെ യാത്ര, ഭക്ഷണം തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും കരിമ്പ് ഫാക്ടറി ഉടമകളാണ് ഒരുക്കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവന പ്രകാരം 38 കരിമ്പ് ഫാക്ടറികളുടെ സമീപത്തായി ഒരുക്കിയിരിക്കുന്ന താല്‍ക്കാലിക അഭയകേന്ദ്രങ്ങളില്‍ 1.31 ലക്ഷത്തിലേറെ കുടിയേറ്റ തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. നേരത്തെ ലോക്ക്ഡൗണ്‍ മേയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാന്ദ്ര സ്റ്റേഷനില്‍ അതിഥി തൊഴിലാളികള്‍ ഒത്തുകൂടിയിരുന്നു.

Exit mobile version