കോവിഡ് ഡ്യൂട്ടിയിലുള്ള നഴ്‌സുമാരോട് കടുത്ത അവഗണന: ഭക്ഷണം ലഭിക്കാതെ നഴ്‌സ് തലകറങ്ങി വീണു

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ കോവിഡ് ഡ്യൂട്ടിയിലുള്ള നഴ്‌സുമാരോട് കടുത്ത അവഗണന. കോവിഡ് ഡ്യൂട്ടിയിലുള്ള നഴ്സ് ഭക്ഷണം ലഭിക്കാതെ തലകറങ്ങി വീണതായി റിപ്പോര്‍ട്ട്.

എല്‍എന്‍ജെപി ആശുപത്രിയിലാണ് സംഭവം. ഡ്യൂട്ടിക്കെത്തിയവര്‍ക്ക് ആശുപത്രി അധികൃതര്‍ ആഹാരം നല്‍കിയില്ലെന്ന് നഴ്സുമാര്‍ പറഞ്ഞു. ഭക്ഷണം കിട്ടാതെ നഴ്സ് തലകറങ്ങി വീണതോടെ മറ്റ് നഴ്സുമാര്‍ ആശുപത്രിക്കുള്ളില്‍ പ്രതിഷേധിച്ചു.

എല്‍എന്‍ജെപി ആശുപത്രിയില്‍ മൂന്നു ഷിഫ്റ്റുകളിലാണ് നഴ്സുമാര്‍ക്കുള്ളത്. രാവിലെ ജോലിക്ക്് എത്തുന്നവര്‍ക്ക് ആശുപത്രിയിലും ഉച്ചയ്ക്കും വൈകുന്നേരം എത്തുന്നവര്‍ക്ക് താമസ സ്ഥലത്തുമാണ് ഭക്ഷണം നല്‍കുന്നത്.

എന്നാല്‍, ഇന്ന് ആശുപത്രിയില്‍ മാത്രമേ ഭക്ഷണം ഉണ്ടാവുകയുള്ളൂവെന്ന് നഴ്സുമാരെ അറിയിക്കുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഭക്ഷണം ലഭിച്ചില്ല. തുടര്‍ന്ന് ഭക്ഷണം കഴിക്കാതെ ജോലിയില്‍ തുടര്‍ന്ന നഴ്സാണ് തലകറങ്ങി വീണത്.

ആശുപത്രിയില്‍ നഴ്സുമാര്‍ക്ക് പഴകിയ ഭക്ഷണം വിതരണം ചെയ്തെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. താമസ സ്ഥലം നല്‍കുന്നതിലടക്കം നഴ്സുമാരോട് അധികൃതര്‍ വിവേചനം കാട്ടുന്നെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

Exit mobile version