പ്ലാസ്മ തെറാപ്പിക്ക് അനുമതി; ഉടൻ ഡൽഹിയിൽ ചികിത്സ ആരംഭിക്കുമെന്ന് കെജരിവാൾ

ന്യൂഡൽഹി: ഡൽഹിയിലെ കൊവിഡ് ബാധിതരിൽ രോഗവിമുക്തരുടെ രക്തം ഉപയോഗിച്ചുള്ള പ്ലാസ്മ തൊറാപ്പിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ളിൽ പ്ലാസ്മ തൊറാപ്പിയുടെ പരീക്ഷണം ആരംഭിക്കുമെന്നും ഇത് വിജയകരമായാൽ ആരോഗ്യനില ഗുരുതരമായ രോഗികളെ രക്ഷിക്കാൻ സാധിക്കുമെന്നും കെജരിവാൾ വ്യക്തമാക്കി.

കോവിഡ് ഭേദമായവരുടെ രക്തത്തിൽനിന്ന് വേർതിരിക്കുന്ന ആന്റിബോഡി ഉപയോഗിച്ചുള്ള ചികിത്സയാണ് കൊൺവലസന്റ് പ്ലാസ്മ തെറാപ്പി. രോഗിയുടെ ശരീരത്തിലെ കോവിഡ് വൈറസിനെ ചെറുക്കാൻ കഴിവുള്ളവയായിരിക്കും ഈ ആന്റിബോഡി. ഗുരുതര രോഗികളിലും വെന്റിലേറ്റർ സഹായത്താൽ ജീവൻ നിലനിർത്തുന്ന രോഗികളിലുമാണ് പ്ലാസ്മ തൊറാപ്പി നടത്തുക. കോവിഡ് ബാധിച്ച വിവിധ രാജ്യങ്ങൾ പ്ലാസ്മ ചികിത്സ ഫലപ്രദമായെന്നാണ് റിപ്പോർട്ടുകൾ.

പ്ലാസ്മ തെറാപ്പി ചികിത്സ നൽകുന്നതിനായി ക്ലിനിക്കൽ ട്രയൽ നടത്താൻ ആരോഗ്യമേഖലയിലുള്ള കൂടുതൽ സ്ഥാപനങ്ങൾക്ക് ഐസിഎംആർ അംഗീകാരം നൽകും. ക്ലിനിക്കൽ ട്രയലിന് ആശുപത്രികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഐസിഎംആർ താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ഈ മാസം പത്തിന് തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പ്ലാസ്മ തെറാപ്പിയുടെ ക്ലിനിക്കൽ ട്രയലിന് അനുമതി നൽകിയിരുന്നു.

Exit mobile version