കൊവിഡ് 19; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 11000 കടന്നു, മരണം 377 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 11000 കടന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 11439 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 377 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. 1306 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്.

അതേസമയം രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നുവെന്നാണ് ഐസിഎംആര്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് ദിവസത്തില്‍ മാത്രം 3286 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ വീണ്ടും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ചൈനയില്‍ നിന്ന് ദ്രുതപരിശോധന കിറ്റുകള്‍ എത്തിത്തുടങ്ങി. പതിനഞ്ച് ലക്ഷം ദ്രുതപരിശോധന കിറ്റുകളാണ് ചൈനയില്‍ നിന്ന് വാങ്ങാന്‍ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്.

കര്‍ണാടകയില്‍ വൈറസ് ബാധമൂലം ഇതുവരെ പത്ത് പേരാണ് മരിച്ചത്. ബെംഗളൂരുവില്‍ 38 കൊവിഡ് തീവ്രബാധിത പ്രദേശങ്ങളാണ് ഉള്ളത്. ആന്ധ്ര പ്രദേശില്‍ ഇന്നലെ വൈറസ് ബാധമൂലം രണ്ട് പേര്‍ കൂടി മരിച്ചതോടെ ആകെ മരണം ഒമ്പതായി. തെലങ്കാനയില്‍ 18 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.

രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തില്‍ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. ഏപ്രില്‍ ഇരുപതിന് ചില മേഖലകള്‍ക്ക് ഇളവ് നല്‍കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്ന് കേന്ദ്രം നല്‍കുമെന്നാണ് സൂചന. ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം സാമ്പത്തിക പ്രതിസന്ധിയും ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

Exit mobile version