കര്‍ണാടകയിലെ ഗ്രാമത്തില്‍ മുസ്ലീങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

അങ്കണഹള്ളി: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ ഒരു ഗ്രാമത്തില്‍ മുസ്ലീങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കര്‍ണാടക രാമനഗര ജില്ലയിലെ അങ്കണഹള്ളി വില്ലേജിലുള്ള കൈലാഞ്ച ഗ്രാമപഞ്ചായത്താണ് മുസ്ലീങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി പ്രമേയം പാസാക്കിയത്. ഇതിനുപുറമെ ഈ വിവരം നാട്ടുകാരെ അറിയിക്കുന്നതിനായി ചെണ്ട കൊട്ടി വിളംബരം നടത്തുകയും ചെയ്തിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് എന്‍ മഹേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര ഭരണസമിതി യോഗത്തിലാണ് മുസ്ലീങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി പ്രമേയം പാസാക്കിയത്. ഈ വിവരം ആളുകളെ അറിയിക്കുന്നതിനായി ചെണ്ട കൊട്ടി വിളംബരം നടത്താന്‍ രാമയ്യ എന്നയാള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ‘മുസ്ലീങ്ങള്‍ ആരും തന്നെ ഈ പഞ്ചായത്തിലേക്ക് വരരുത്. അവര്‍ക്ക് ആരും തൊഴില്‍ നല്‍കാന്‍ പാടില്ല. ഇത് ലംഘിക്കുന്നവരില്‍ നിന്ന് 500 മുതല്‍ 1000 രൂപ വരെ പിഴ ഈടാക്കുന്നതാണ്’ എന്നായിരുന്നു വിളംബരത്തില്‍ പറഞ്ഞിരുന്നത്. ഈ വിളംബരം പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചുമതല കെ രാജേഷ് എന്നയാള്‍ക്കായിരുന്നു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലീസിന് പരാതിയും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് രാമയ്യയേയും രാജേഷിനേയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം പഞ്ചായത്ത് പ്രസിഡന്റിനെതിരെ മതവിദ്വേഷം പരത്തിയെന്ന കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിലാണ് ഇയാളിപ്പോള്‍. ഇയാള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Exit mobile version