‘സാനിറ്റൈസര്‍’; ലോക്ക് ഡൗണില്‍ ജനിച്ച കുട്ടിക്ക് വ്യത്യസ്തമായ പേര് നല്‍കി മാതാപിതാക്കള്‍

ലഖ്‌നൗ: ലോക്ക് ഡൗണ്‍ കാലത്ത് പിറന്ന കുഞ്ഞുങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട പേരു നല്‍കിയത് മാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ‘കോവിഡ്, ലോക്ക്ഡൗണ്‍, കൊറോണ, കൊറോണ കുമാരന്‍, കൊറോണ കുമാരി’ എന്നിങ്ങനെ പോകുന്നു കുഞ്ഞുങ്ങള്‍ക്ക് നല്‍കിയ വ്യത്യസ്തമായ പേരുകള്‍.

അത്തരത്തില്‍ ഇപ്പോള്‍ പിറന്ന കുഞ്ഞിന്റെ മാതാപിതാക്കളും ഈ ‘ട്രെന്‍ഡ്’ പിന്തുടര്‍ന്ന് മകന് സാനിറ്റൈസര്‍ എന്ന് പേരിട്ടു. ഉത്തര്‍ പ്രദേശിലെ സഹരാണ്‍പുറിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പിറന്ന കുഞ്ഞിനാണ് സാനിറ്റൈസര്‍ എന്ന് മാതാപിതാക്കള്‍ പേരു നല്‍കിയത്.

വിജയ് വിഹാര്‍ സ്വദേശിയായ ഓംവീര്‍ സിങും ഭാര്യ മോണിക്കയുമാണ് മകന് വ്യത്യസ്തമായ പേര് നല്കിയത്. കുഞ്ഞ് ജനിച്ചയുടനെ ആശുപത്രി അധികൃതര്‍ മാതാപിതാക്കളോട് കുഞ്ഞിന് എന്ത് പേരിടുമെന്ന് ചോദിച്ചു. സാനിറ്റൈസര്‍ എന്ന് മതിയെന്നായിരുന്നു ഓംവീര്‍ സിങിന്റെ മറുപടി.

സാനിറ്റൈസറിന് കൊറോണയെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്നും അതിനാലാണ് മകന് ഈ പേര് നല്കിയതെന്ന് ഓംവീര്‍ സിങ് പറഞ്ഞു. പേര് കേട്ട ആശുപത്രിയിലെ ജീവനക്കാര്‍ ചിരിച്ചുവെന്നും എന്നാല്‍ ഈ പേരിട്ടതില്‍ ഞങ്ങള്‍ സംതൃപ്തരാണെന്നും മാതാവ് മോണിക്ക പറയുന്നു.

Exit mobile version