പ്രവാസികളെ തല്‍ക്കാലം തിരിച്ചുകൊണ്ടുവരേണ്ട; കേന്ദ്രസര്‍ക്കാര്‍ നിലപാട് ശരിവെച്ച് സുപ്രീം കോടതിയും

supreme court india

ന്യൂഡല്‍ഹി: പ്രവാസികളെ തല്‍ക്കാലം തിരിച്ചുകൊണ്ടുവരേണ്ടെന്ന് സുപ്രീം കോടതി. നിലവില്‍ വിദേശത്ത് കുടുങ്ങിയിരിക്കുന്നവരെ നാട്ടില്‍ എത്തിക്കാന്‍ പറ്റുന്ന സാഹചര്യമല്ല ഉള്ളതെന്ന് പറഞ്ഞ കോടതി എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്നും പറഞ്ഞു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ആണ് ഈ കാര്യം അറിയിച്ചത്. നിലവില്‍ യാത്ര അനുവദിച്ചാല്‍ അത് കേന്ദ്രസര്‍ക്കാരിന്റെ യാത്രാവിലക്കിനു വിരുദ്ധമാകുമെന്ന് പറഞ്ഞ കോടതി ഹര്‍ജികള്‍ നാല് ആഴ്ചത്തേക്കു മാറ്റിവെച്ചു. അതേസമയം കേന്ദ്രത്തിനോട് നാലാഴ്ചക്കകം സ്ഥിതി എന്താണെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വിദേശത്തുനിന്ന് വരുന്നവരിലൂടെ രോഗം പടരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലൊരു യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമെ യുഎസ്, ബ്രിട്ടന്‍ എന്നിവിടങ്ങളിലും ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അവരെയും തിരികെയെത്തിക്കണമെന്ന് ആവശ്യമുണ്ട്. എന്നാല്‍ ഇവരെയൊക്കെ ഇപ്പോള്‍ ഇന്ത്യയിലെത്താന്‍ അനുവദിച്ചാല്‍ അതു രോഗവ്യാപനത്തിനു കാരണമായേക്കുമെന്നും അങ്ങനെ സംഭവിച്ചാല്‍ നിലവിലെ ലോക്ക് ഡൗണും യാത്രാവിലക്കും ലക്ഷ്യങ്ങളും തകിടം മറിയാന്‍ ഇടയാകുമെന്നും കോടതി പറഞ്ഞു.

ഗള്‍ഫിലും ഇംഗ്ലണ്ടിലും അമേരിക്കയിലും ഇറാനിലും അടക്കം വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഏഴ് ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളത്. അതേസമയം യുകെയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഇന്ന് പരിഗണിച്ചിരുന്നു. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്നും യുകെയില്‍ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയത്. സുരക്ഷിതരാണെങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങോട്ട് വരുന്നതെന്ന് ജസ്റ്റിസ് നാഗേശ്വര്‍ റാവു ചോദിച്ചു. സുരക്ഷിതരാണെങ്കില്‍ എവിടെയാണോ ഉള്ളത്, അവിടെ തന്നെ തുടരണമെന്നും കോടതി പറഞ്ഞു.

Exit mobile version