തട്ടിപ്പിന്റെ പുതിയരീതിയുമായി സൈബര്‍ തട്ടിപ്പുകാര്‍; ലിങ്ക് തുറക്കരുതെന്ന മുന്നറിയിപ്പുമായി എസ്ബിഐ

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡിജിറ്റല്‍ ഇടപാടുകളും വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ തട്ടിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് സൈബര്‍ തട്ടിപ്പുകാര്‍. ഇത്തവണ എസ്ബിഐയുടെ നെറ്റ് ബാങ്കിങ് പേജിന്റെ വ്യാജരൂപം നിര്‍മ്മിച്ച് അക്കൗണ്ട് ഉടമുകളുടെ വിവരങ്ങള്‍ തട്ടാനുള്ള ശ്രമത്തിലാണ് സൈബര്‍ തട്ടിപ്പുകാര്‍.

എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട എസ്ബിഐ അധികൃതര്‍ ലിങ്ക് തുറക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എസ്ബിഐയുടേതെന്ന പോലെ ലഭിക്കുന്ന എസ്എംഎസിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യാതെ അത് ഒഴിവാക്കണമെന്നാണ് ബാങ്ക് നല്‍കിയ മുന്നറിയിപ്പ്.

ഇത്തരത്തിലുള്ള എസ്എംഎസുകള്‍ ലഭിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ epg.cms@sbi.co.in, phishing@sbi.co.in എന്നീ ഇ-മെയിലുകള്‍വഴി വിവരമറിയിക്കണമെന്നും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. http://www.onlinesbi.digital എന്ന വ്യാജ ലിങ്ക് നിര്‍മ്മിച്ചാണ് ഇത്തവണ തട്ടിപ്പിന് ശ്രമം നടക്കുന്നത്. പാസ് വേഡും അക്കൗണ്ട് വിവരങ്ങളും അപ്ഡേറ്റ് ചെയ്യണമെന്നാണ് ഈ ലിങ്ക് തുറന്നാല്‍ ആവശ്യപ്പെടുകയെന്നും ബാങ്കിന്റെ മുന്നറിയിപ്പിലുണ്ട്.

Exit mobile version